ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്. ഇതേത്തുടർന്ന് ഡെൽഹി പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാർ കെട്ടിടങ്ങൾക്ക് നേരെയും രാഷ്‌ട്രീയ പാർട്ടി ഓഫീസുകൾക്ക് നേരെയും ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്‌ഫോടന പദ്ധതിയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ പറയുന്നത്. ന്യൂഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്തും പ്രധാന ഓഫീസുകളിലും സുരക്ഷ വർധിപ്പിച്ചു. സർക്കാർ കെട്ടിടങ്ങൾ, രാഷ്‌ട്രീയ പാർട്ടി ഓഫീസുകൾ, തിരക്കേറിയ മാർക്കറ്റുകൾ, റെയിൽവേ സ്‌റ്റേഷനുകൾ എന്നിവിടങ്ങളിൽ പരിശോധന തുടരുകയാണ്.
മെട്രോ സ്‌റ്റേഷനുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്‌റ്റാൻഡുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ സേനയുടെ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിട്ടുണ്ട്. അജ്‌ഞാത വസ്‌തുക്കൾ, സംശയാസ്‌പദമായ സാഹചര്യത്തിൽ പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങൾ, വ്യക്‌തികളുടെ അസ്വാഭാവിക നീക്കങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
പാക്കിസ്‌ഥാൻ ബന്ധമുള്ള ഗുണ്ടാ തലവൻ ഷെഹ്‌സാദ് ഭട്ടിയുടെ ശൃംഖലയിലെ ഒമ്പത് അംഗങ്ങളെ വ്യാഴാഴ്‌ച അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് ഈ പുതിയ വിവരങ്ങൾ ലഭിച്ചതെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങൾ വഴി ആളെ ചേർക്കുന്ന പ്രവർത്തനങ്ങളിൽ പ്രതികൾ ഏർപ്പെട്ടിരുന്നു. ഉത്തരേന്ത്യയിലും ഡെൽഹിയിലുമുള്ള സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നേരെ വെടിയുതിർക്കാൻ പ്രതികൾക്ക് നിർദ്ദേശം നൽകിയിരുന്നതായി അഡീഷണൽ പോലീസ് കമ്മീഷണർ പ്രമോദ് സിങ് കുശ്വാ പറഞ്ഞു.
Most Read| കെസി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ ഉണ്ടാകുന്ന പ്രതിസന്ധികൾ




































