മാമ്പഴക്കാലമാണ്. എവിടെ മാങ്ങ വീണുകിടക്കുന്നത് കണ്ടാലും നമ്മൾ അത് പെറുക്കിയെടുത്ത് കൊണ്ടുപോകും. കേരളത്തിൽ ഇതൊക്കെ നടക്കും. അങ്ങ് സിംഗപ്പൂരിൽ ആണെങ്കിലോ. പിടിവീഴും മക്കളെ! വഴിയരികിൽ വീണുകിടക്കുന്ന ഒരു മാങ്ങ എടുത്താൽ പോലും സിംഗപ്പൂരിൽ 3.7 ലക്ഷം രൂപ (5000 സിംഗപ്പൂർ ഡോളർ) പിഴയടക്കണം, അതാണ് നിയമം.
സിംഗപ്പൂരിൽ താമസിക്കുന്ന പ്രിയങ്ക സിൻഹ എന്ന ഇന്ത്യൻ ഇൻഫ്ളുവൻസർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ”റോഡരികിൽ മാങ്ങകൾ നിറഞ്ഞുനിൽക്കുന്ന ഒരു മാവിന് മുന്നിൽ നിന്നാണ് പ്രിയങ്ക വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മാങ്ങകൾ പാകമായി നിൽക്കുന്നുണ്ടെന്നും പലതും നിലത്ത് വീണുകിടക്കുന്നുണ്ടെന്നും വീഡിയോയിൽ കാണാം.
കാണുമ്പോൾ ആർക്കും ഒന്ന് കഴിക്കാൻ തോന്നുന്ന ഈ മാങ്ങകൾ പക്ഷേ തൊടുന്നത് വലിയ അപകടമാണ്. വീണുകിടക്കുന്ന ഒരു മാങ്ങ എടുത്താൽ പോലും നിങ്ങൾ 5000 ഡോളർ പിഴയൊടുക്കേണ്ടി വരും”- പ്രിയങ്ക വീഡിയോയിൽ പറയുന്നു. ഏകദേശം 3.74 ലക്ഷം ഇന്ത്യൻ രൂപ വരും ഈ തുക. ഭയം കാരണം ആരും അവിടെ മാങ്ങ പെറുക്കാൻ മുതിരാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സിംഗപ്പൂർ ഇത്രയും വലിയ നിയമങ്ങൾ നടപ്പിലാക്കുന്നത് അവരുടെ പൊതുമുതൽ സംരക്ഷിക്കുന്നതിനും നഗരത്തിന്റെ ഭംഗി നിലനിർത്തുന്നതിനും വേണ്ടിയാണ്. എല്ലാവരും പഴങ്ങൾ ശേഖരിക്കാൻ തടുങ്ങിയാൽ അത് മരങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നും പാർക്കുകളിലെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും സർക്കാർ കരുതുന്നു.
സിംഗപ്പൂർ മിനിസ്ട്രി ഓഫ് നാഷണൽ ഡെവലപ്പ്മെന്റിന്റെ ചട്ടങ്ങൾ പ്രകാരം പൊതു സ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളും അവയിലെ പഴങ്ങളും പൂർണമായും സർക്കാരിന്റെ സ്വത്താണ്. നാഷണൽ പാർക്സ് ബോർഡാണ് ഇവയുടെ സംരക്ഷണം നിർവഹിക്കുന്നത്. പൊതു സ്ഥലങ്ങളിലെ മരങ്ങളിൽ നിന്ന് പഴങ്ങൾ പറിക്കാനോ താഴെ വീണവ ശേഖരിക്കാനോ ബോർഡിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































