കോഴിക്കോട്: പെരുവണ്ണാമുഴിയിൽ വനത്തിൽ കുടുങ്ങിയ ഏഴംഗ സംഘത്തെ കണ്ടെത്തി. ഡിജിറ്റൽ സർവേക്കായി പോയ നാല് സർവേ ഉദ്യോഗസ്‌ഥരും മൂന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരും അടങ്ങുന്ന സംഘമാണ് ഇന്നലെ വനത്തിൽ കുടുങ്ങിയത്. കരിങ്കണ്ണി ഭാഗത്ത് നിന്നാണ് ഇന്ന് രാവിലെ ഇവരെ കണ്ടെത്തിയത്.
സർവേ ഉദ്യോഗസ്‌ഥരായ അരുൺ, ഭരത്, പ്രശാന്ത്, അഖിൽ ഫോറസ്‌റ്റ് വാച്ചർമാരായ രവി, ബാലൻ, ഷാരോൺ എന്നിവരാരുടെ സംഘമാണ് വനത്തിൽ അകപ്പെട്ടത്. ഇന്നലെയാണ് ഇവർ സർവേക്ക് പോയത്. രാത്രിയിൽ ഇവർക്ക് തങ്ങുന്നതിന് വേണ്ടി കരിങ്കണ്ണി ചൂതുപാറയിലെ ഫോറസ്‌റ്റ് ബേസ് ഒരു താൽക്കാലിക ഷെഡ് ഒരുക്കിയിരുന്നു.
എന്നാൽ, സംഘം ഇവിടെയെത്തിരിരുന്നില്ല. ഇതേ തുടർന്നാണ് വനംവകുപ്പിന് സംശയം തോന്നിയത്. മൊബൈൽ ഫോൺ റേഞ്ചില്ലാത്തതിനാൽ ഇവരെ ബന്ധപ്പെടാനും കഴിഞ്ഞില്ല. തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. എന്നാൽ, രാത്രി വൈകിയതോടെ നിർത്തിയ തിരച്ചിൽ ഇന്ന് രാവിലെയാണ് കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി പുനരാരംഭിച്ചത്.
തുടർന്നാണ് കരിങ്കണ്ണി ഭാഗത്ത് നിന്ന് ഇവരെ കണ്ടെത്തിയത്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയിലാണ് ഡിജിറ്റൽ സർവേ നടക്കുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് കരിങ്കണ്ണി വഴിയാണ് ഇവർ അതിർത്തി ഭാഗത്തേക്ക് പോയത്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































