റിയാദ്: 20 വർഷത്തോളമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ജയിൽ മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുവരാനാണ് നിയമസഹായ സമിതി ശ്രമിക്കുന്നത്.
കൊലപാതക കേസിൽ വധശിക്ഷ ഒഴിവായതോടെ കോടതി വിധിച്ച ഗൂഢാലോചന കേസിലെ തടവ് കാലാവധിയാണ് റഹീം പൂർത്തിയാക്കിയത്. ഗൂഢാലോചനയുടെ ഭാഗമായതിന് 20 വർഷമായിരുന്നു കോടതി ശിക്ഷ വിധിച്ചത്.
2006 ഡിസംബർ 26ന് സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം നടത്തി തുക കൈമാറിയത്.
പിന്നാലെ, റഹീം വധശിക്ഷയിൽ നിന്ന് ഒഴിവായി. എന്നാൽ, റിയാദിലെ ക്രിമിനൽ കോടതി റഹീമിന് പൊതുനിയമപ്രകാരം 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു. ജയിലിൽ ഇതിനോടകം 19 വർഷത്തിലേറെ ശിക്ഷാകാലം പിന്നിട്ട റഹീമിന് ഒരുവർഷം കൂടി മാത്രമായിരുന്നു തടവുശിക്ഷ ഉണ്ടായിരുന്നത്. ഈ തടവ് കാലാവധിയാണ് ഇപ്പോൾ പൂർത്തിയായതും ജയിൽ മോചിതനായതും.
സംഭവം ഇങ്ങനെ
2006 ഡിസംബറിലായിരുന്നു റഹീമിന്റെ സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്‌ദുൽ റഹീം റിയാദിലെത്തി 28ആംമത്തെ ദിവസമായിരുന്നു സംഭവം. റഹീമിന്റെ സ്‌പോൺസറായ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്.
ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്‌ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെ ട്രാഫിക് സിഗ്‌നൽ ലംഘിച്ചുപോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി അനസ് വഴക്കിട്ടു.
പിൻസീറ്റിലിരുന്ന അനസിനെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്‌ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്‌ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം ശബ്‌ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണ് ചലനമില്ലാതെ കിടക്കുന്നത് കണ്ടത്.
ഇതോടെ ഭയന്നുപോയ അബ്‌ദുൽ റഹീം സൗദിയിൽ തന്നെ ജോലി ചെയ്‌തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം അറിയിച്ചു. പിന്നീട് ഇരുവരും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന വിചാരണയിൻ അബ്‌ദുൽ റഹീമിന് വധശിക്ഷയും നസീറിന് പത്ത് വർഷം തടവും കോടതി വിധിച്ചു.
ഏറെക്കാലത്തെ അപേക്ഷയ്‌ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34) കോടി രൂപ ബ്ളഡ് മണിയായി നൽകിയാൽ അബ്‌ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം സമ്മതിച്ചത്. ഇതോടെയാണ് ധനസമാഹരണം നടത്തി തുക കൈമാറിയത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം



































