റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും. വധശിക്ഷയിൽ നിന്ന് നേരത്തെ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ മേയ് മൂന്നാംവാരം അവസാനിക്കും.
ശിക്ഷാ കാലാവധി തീരുന്ന മുറയ്ക്ക് ജയിൽ മോചനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നാണ് റിയാദിൽ നിന്നുള്ള സൂചനകൾ. 2006 ഡിസംബർ 26ന് സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്.
വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം നടത്തി തുക കൈമാറിയത്.
പിന്നാലെ, റഹീം വധശിക്ഷയിൽ നിന്ന് ഒഴിവായി. എന്നാൽ, റിയാദിലെ ക്രിമിനൽ കോടതി റഹീമിന് പൊതുനിയമപ്രകാരം 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു.
ജയിലിൽ ഇതിനോടകം 19 വർഷത്തിലേറെ ശിക്ഷാകാലം പിന്നിട്ട റഹീമിന് ഒരുവർഷം കൂടി മാത്രമായിരുന്നു തടവുശിക്ഷ ഉണ്ടായിരുന്നത്. ഈ തടവ് കാലാവധിയാണ് ഇപ്പോൾ പൂർത്തിയാകുന്നത്. മോചനം സംബന്ധിച്ച വിധിന്യായം സൗദി കോടതിയിൽ നിന്ന് ഉടൻ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ



































