ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ലോക്‌ഭവനിലെത്തി ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറിനെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്.
ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് അവധിയിലായതിനാൽ അദ്ദേഹം മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽ വിരുന്നിലാണ് സിദ്ധരാമയ്യ താൻ സ്‌ഥാനം ഒഴിയുന്ന കാര്യം മന്ത്രിമാരെ അറിയിച്ചത്.
നിലവിൽ ചേരിതിരിഞ്ഞിരിക്കുന്ന സമീപനം ഉപേക്ഷിച്ച് ഡികെ. ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണമെന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടു. ഹൈക്കമാൻഡ് ശിവകുമാറിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചത്.
സിദ്ധരാമയ്യ ഉടൻ തന്നെ ഡെൽഹിയിലെത്തി പാർട്ടി നേതൃത്വത്തെ കാണും. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. ദേശീയ രാഷ്‌ട്രീയത്തിലേക്കാണ് സിദ്ധരാമയ്യയുടെ ചുവടുമാറ്റം. അടുത്തമാസം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കർണാടകയിൽ നിന്നുള്ള സ്‌ഥാനാർഥിയാകും. ദേശീയ തലത്തിൽ ഒബിസി മുഖം, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്ന പരിഗണനയും ലഭിച്ചേക്കും.
പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്‌ച കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. സുഗമമായ ഭരണമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ബെംഗളൂരുവിലെത്തും.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്






































