തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന രോഗിയുടെ സർജറി ചെയ്‌ത കാലിൽ പുഴുവരിച്ച സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ചു റിപ്പോർട് സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
മോശമായി പെരുമാറിയ ജീവനക്കാർക്ക് കൗൺസിലിങ് നൽകുമെന്നും മന്ത്രി അറിയിച്ചു. ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും മാദ്ധ്യമങ്ങളിൽ കണ്ട വാർത്തയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണമെന്നും മന്ത്രി വ്യക്‌തമാക്കി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി ഓർത്തോ വിഭാഗം മേധാവിമാർ എന്നിവരാണ് അന്വേഷണ സമിതിയിൽ ഉള്ളത്.
പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതര അനാസ്‌ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞമാസം 28ആം തീയതി ഉണ്ടായ ബൈക്ക് അപകടത്തിലാണ് രാജേന്ദ്ര പ്രസാദിന്റെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്‌തത്.
പരിക്കേറ്റ കാലിൽ ശസ്‌ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്‌തു. സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. ഇന്ന് രാജേന്ദ്ര പ്രസാദിനെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. സർജറി ചെയ്‌ത കാലിൽ പുഴുക്കൾ അരിക്കുന്ന നിലയിലാണ് ബന്ധുക്കൾ കണ്ടത്.
രോഗിയുടെ അവസ്‌ഥ കണ്ട് പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തു. ബന്ധുക്കളുടെ ശക്‌തമായ പ്രതിഷേധത്തെ തുടർന്ന് ആശുപത്രി അധികൃതർ രോഗിയെ അടിയന്തരമായി ഐസിയുവിലേക്ക് തന്നെ മാറ്റിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































