കോഴിക്കോട്: രണ്ടുപേരെ കൊന്നുവെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. 1986ൽ കോഴിക്കോട് കൂടരഞ്ഞിയിൽ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശിയായ മോഹനൻ ആണെന്ന് തിരുവമ്പാടി പോലീസ് സ്‌ഥിരീകരിച്ചു.
ഒരുവർഷത്തെ അന്വേഷണത്തിന് ശേഷമാണ് പോലീസ് കൊലപാതകം സ്‌ഥിരീകരിച്ചത്. നാല് പതിറ്റാണ്ട് കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതക വിവരങ്ങൾ കഴിഞ്ഞ വർഷമാണ് പ്രതി മുഹമ്മദലി തന്നെ പോലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലും വെള്ളയിൽ ബീച്ചിലുമായി 1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി പോലീസിനോട് വെളിപ്പെടുത്തിയത്.
മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രണ്ട് ജില്ലകളിലെ പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിരുന്നു. പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവര പ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്.
14ആം വയസിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ട് കൊന്നുവെന്നാണ് മുഹമ്മദലി നൽകിയ ഒരു മൊഴി. 1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബർ അഞ്ചിലെ പത്രത്തിൽ കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടിൽ 20 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
മരിച്ച യുവാവിന്റെ ശ്വാസകോശത്തിൽ മണ്ണും ചെളിയും കണ്ടിരുന്നതായി അന്നത്തെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നൽകിയിരുന്നു. 40 വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു കൊലപാതകിയാണെന്ന് വെളിപ്പെടുത്തി മുഹമ്മദലി രംഗത്തെത്തിയത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്




































