തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷനാണ് പിൻവലിച്ചത്. രണ്ടുവർഷത്തിന് ശേഷമാണ് പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കുന്നത്. അശോക് ഒന്നരമാസമായി സസ്പെൻഷനിലാണ്.
സർക്കാർ സംവിധാനങ്ങൾക്ക് എതിരെയും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സാമൂഹിക മാദ്ധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് 2024 നവംബർ 11ന് പ്രശാന്തിനെതിരെ മുൻ സർക്കാർ നടപടി സ്വീകരിച്ചത്.
ചീഫ് സെക്രട്ടറി ജയതിലകിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കടുത്ത വിമർശനം ഉന്നയിച്ചതിന് പ്രശാന്തിനെയും മതാടിസ്ഥാനത്തിൽ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെയും ഒരേ ദിവസമാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തിനെതിരായ നടപടി പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.
അനുമതിയില്ലാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സാമൂഹിക മാദ്ധ്യമങ്ങളോട് പ്രതികരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ സസ്പെൻഡ് ചെയ്തത്. സർക്കാർ അധികാരത്തിൽ വന്നതോടെ ഭരണതലത്തിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഇരുവരുടെയും സസ്പെൻഷൻ പിൻവലിച്ചത്. ഇവരുടെ തസ്തികകളിൽ ഉടൻ തീരുമാനമെടുക്കും.
Most Read| ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍






































