കോഴിക്കോട്: നിപ്പ സ്‌ഥിരീകരിച്ച് ചികിൽസയിലുള്ള 43-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്ന നടപടികളിലേക്ക് കടന്ന് ജില്ലാ ആരോഗ്യവകുപ്പ്. രോഗി ആദ്യം ചികിൽസ തേടിയെത്തിയെ ഡീ അഡിക്ഷൻ സെന്റർ, പിന്നീട് പ്രവേശിപ്പിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ രോഗിയുടെ സാന്നിധ്യത്തിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങളാണ് ആരോഗ്യ പ്രവർത്തകർ ശേഖരിക്കുന്നത്.
രോഗിയുമായി അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അഞ്ചുപേരുടെ സാമ്പിൾ ഇന്ന് മെഡിക്കൽ കോളേജിൽ പരിശോധിക്കും. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലും കോഴിക്കോട് വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ പ്രത്യേക യോഗം ചേർന്നാകും തുടർനടപടികളിൽ തീരുമാനം എടുക്കുക.
അതേസമയം, ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. പൂണെ വൈറോളജി ലാബിലെ ഫലം വരാനുണ്ട്. സമ്പർക്കം കൂടുതലുള്ള ആളാണ് രോഗബാധിതൻ. നാളെ ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്‌ജീകരിച്ച ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിൽസയിൽ തുടരുന്ന രോഗിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ പ്രത്യേക സംഘമാണ് രോഗിയെ നിരീക്ഷിക്കുന്നത്.
സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മെഡിക്കൽ കോളേജിലെ വിആർഡിഎൽ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് ഫാറൂഖ് കോളേജിന് സമീപം താമസിക്കുന്ന 43 വയസുകാരന് നിപ്പ സ്‌ഥിരീകരിച്ചത്.
ആരോഗ്യവകുപ്പിന്റെ മെഡിക്കൽ പ്രോട്ടോകോൾ അനുസരിച്ച് രോഗിയിൽ നിന്നെടുത്ത സ്രവ സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതിന് ശേഷമാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടാവുക.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































