ന്യൂഡെൽഹി: ഈമാസം 21ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷയ്‌ക്ക് മുന്നോടിയായി നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷ സമയം വർധിപ്പിച്ചതും ചോദ്യപേപ്പറിന്റെ ഘടനയിൽ വരുത്തിയ മാറ്റങ്ങളുമാണ് ഇതിൽ സുപ്രധാനം.
പരീക്ഷ കൂടുതൽ നീതിയുക്‌തമാക്കാനും പരീക്ഷാ ദിവസത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് എൻടിഎ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്‌ഞാപനത്തിലാണ് എൻഡിഎ ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
വിദ്യാർഥികളിൽ നിന്നുള്ള മുൻവർഷങ്ങളിലെ പ്രതികരണങ്ങൾ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) പുതുക്കി നിശ്‌ചയിച്ചു. ഉച്ചയ്‌ക്ക് രണ്ടുമണിമുതൽ വൈകീട്ട് 5.15 വരെയാണ് പരീക്ഷാ സമയം.
അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിടൽ, ഇൻവിജിലേഷൻ നടപടികൾ തുടങ്ങിയവ കാര്യങ്ങൾക്കായി വിദ്യാർഥികളുടെ എഴുത്തുസമയം നഷ്‌ടപ്പെടാതിരിക്കാനാണ് 15 മിനിറ്റ് അധികമായി അനുവദിച്ചിരിക്കുന്നത്. ചോദ്യപേപ്പറിലെ റഫ് വർക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ഉയർത്തിയിട്ടുണ്ട്.
കണക്കുകൾ ചെയ്യാനും ഡയഗ്രമുകൾ വരയ്‌ക്കാനും വിദ്യാർഥികൾക്ക് ഇനി കൂടുതൽ സ്‌ഥലം ലഭിക്കും. മുൻപ് ബുക്ക്‌ലെറ്റിന്റെ ഏറ്റവും അവസാനത്തിൽ മാത്രമായിരുന്നു റഫ് പേജുകൾ ഉണ്ടായിരുന്നത്.
പുതിയ മാറ്റപ്രകാരം നിർദ്ദേശങ്ങൾ അടങ്ങിയ ഭാഗത്തിന് പിന്നാലെ രണ്ട് റഫ് പേജുകൾ ഉണ്ടാകും. ബാക്കി രണ്ടു പേജുകൾ അവസാന ഭാഗത്തായിരിക്കും. ഇംഗ്ളീഷിലും പ്രാദേശിക ഭാഷകളിലുമുള്ള ചോദ്യപേപ്പറുകളിലും ഈ പരിഷ്‌കരിച്ച രൂപം ലഭ്യമാകും.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































