കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസുകാരന്റെ സ്കൂൾ ബാഗിൽ നിന്ന് വാറ്റ് ചാരായം പിടികൂടി. വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് വിദ്യാർഥിയുടെ ബാഗിലെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയത്.
കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും സഹപാഠിയായ വിദ്യാർഥി എത്തിച്ചു നൽകിയതാണെന്നാണ് മൊഴി നൽകിയത്. മറ്റു കുട്ടികൾക്കും ഇത്തരത്തിൽ ചാരായം എത്തിച്ചു നൽകിയിട്ടുണ്ടെന്നും അധ്യാപകർക്ക് വിവരം ലഭിച്ചു. പിന്നീട് സംഭവം താമരശ്ശേരി പോലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് വിവരം.
പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ തന്റെ രണ്ടാനച്ഛൻ നാടൻ ചാരായം വാറ്റുന്നുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാർഥി വെളിപ്പെടുത്തി. വാറ്റുചാരായം സൂക്ഷിക്കുന്ന സ്ഥലത്തെ കുറിച്ചും പോലീസിന് സൂചന ലഭിച്ചു.
ഇതേ തുടർന്ന് താമരശ്ശേരി പോലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പൂവൻ മലയിൽ നടത്തിയ പരിശോധനയിൽ വിദ്യാർഥിയുടെ വീടിന് സമീപത്തെ തോട്ടത്തിൽ ചാക്കിൽ കെട്ടിവെച്ച നിലയിൽ 56 കുപ്പി (28 ലിറ്റർ) വാറ്റ് ചാരായം കണ്ടെടുത്തു. എന്നാൽ, വിദ്യാർഥിയുടെ രണ്ടാനച്ഛനെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ




































