ദോഹ: ദോഹയിലെത്തിയ യുഎസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തില്ലെന്ന് ഇറാൻ. രണ്ടാഴ്ച മുൻപ് ഒപ്പുവെച്ച വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണമായി നടപ്പായ ശേഷമേ ആണവപദ്ധതി നിയന്ത്രണം പോലുള്ള സങ്കീർണ വിഷയങ്ങൾ ചർച്ച ചെയ്യാനാകൂവെന്ന് ഇറാൻ അധികൃതർ അറിയിച്ചു.
ഇതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാറഡ് കുഷ്നറും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഉന്നതതല ചർച്ചകൾക്കായി ദോഹയിൽ എത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
എന്നാൽ, നേരിട്ടുള്ള ചർച്ചയില്ലെന്നും മധ്യസ്ഥരുമായി മാത്രമാണ് ചർച്ചകളെന്നും ഖത്തറും ഇറാനും വ്യക്തമാക്കുകയായിരുന്നു. അതേസമയം, താഴെത്തട്ടിൽ സാങ്കേതിക ചർച്ചകൾ ആരംഭിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി അറിയിച്ചു.
മേഖലയിലെ സമുദ്രപാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ മൂന്ന് ദിവസമായി മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ പരസ്പരം ആക്രമണം നടത്തിയിരുന്നു. ഇതോടെ ചർച്ചകൾ അനിശ്ചതത്വത്തിലാകുന്ന സ്ഥിതിയും ഉണ്ടായി.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം






































