വാഷിങ്ടൻ: പശ്‌ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിലെ ചർച്ചകൾ ഇനിയില്ല. ഇറാനുമായുള്ള ചർച്ചകൾ വെറും സമയം പാഴാക്കലാണെന്നും ട്രംപ് പറഞ്ഞു.
നാറ്റോ ഉച്ചകോടിയുടെ ഭാഗമായി തുർക്കിയിലെ അങ്കാറയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇറാനെ യുഎസ് ശക്‌തമായി ആക്രമിച്ചതായി ട്രംപ് സ്‌ഥിരീകരിച്ചു. ഹോർമുസിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിനുള്ള പ്രത്യാക്രമണമായിരുന്നു അതെന്നും ട്രംപ് പറഞ്ഞു.
ആക്രമണത്തിന് ഇറാനും തിരിച്ചടി നൽകിയിരുന്നു. ഗൾഫ് രാജ്യങ്ങളെ ഉൾപ്പടെ ഇറാൻ ആക്രമിച്ചു. ബഹ്‌റൈനിലെയും കുവൈത്തിലെയും 85 യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടു. പശ്‌ചിമേഷ്യയെ വീണ്ടും സംഘർഷ ഭീതിയിലാക്കികൊണ്ടാണ് ഇറാന്റെ ഈ നീക്കം.
താൽക്കാലിക വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചതിനാലാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കേണ്ടി വന്നതെന്ന് ഇറാന്റെ സൈനിക നേതൃത്വം വ്യക്‌തമാക്കി. ആക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയും പ്രതിരോധ സംവിധാനങ്ങൾ സജ്‌ജമാക്കുകയും ചെയ്‌തിട്ടുണ്ട്.
ആക്രമണത്തെ തുടർന്ന് ബഹ്‌റൈനിൽ ഇന്ന് രാവിലെ തുടർച്ചയായി പലതവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും എത്രയുംവേഗം സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ പ്രതിരോധ സംവിധാനം ശക്‌തമായി നേരിടുകയാണെന്ന് കുവൈത്ത് സൈന്യവും വ്യക്‌തമാക്കി.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി





































