കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ബംഗാൾ ഈസ്‌റ്റ് മിഡ്‌നാപൂർ സ്വദേശി രാകേഷ് ഗുച്ചൈതിന്റെ (സർവേയർ) മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിൽ മീനാക്ഷിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മരിച്ച എല്ലാവരും തുരങ്ക നിർമാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡിലെ തൊഴിലാളികളാണ്. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. നാല് സോണുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.
ഇന്നലത്തെ പരിശോധനയിൽ ഒന്നാമത്തെ സോണിൽ നിന്ന് ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്‌കവേറ്റർ ഓപ്പറേറ്റർ) എന്നയാളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് സ്വദേശിയായ എൻജിനിയർ രാഹുൽ ശർമയുടെ മൃതദേഹമാണ് രണ്ടാമത് കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ ബസ് കിടന്ന സ്‌ഥലത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
മൂന്നാമതായി പുഴയോട് ചേർന്നുള്ള മൂന്നാം സോണിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരിയുടെ (സർവേയർ) മൃതദേഹവും കണ്ടെത്തുകയായിരുന്നു. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, ജാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ




































