ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തിൽ പോലീസിനെയും ഡിഎംകെയും വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണം പോലീസിന്റെ വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയും ആണെന്നാണ് വിജയ്യുടെ ആരോപണം.
കരൂരിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് വിജയ് വിമർശനം ഉന്നയിച്ചത്. ദുരന്തത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം കരൂരിലെത്തുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു അതെന്നും ആ ഓർമ്മകൾ ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്നും വിജയ് പറഞ്ഞു.
ദുരന്തം രാഷ്ട്രീയ ചതിയാണ്. ആൾകൂട്ടം നിയന്ത്രണാതീതം ആണെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയില്ല. പോലീസ് എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടായിരുന്നെങ്കിൽ യോഗം റദ്ദാക്കാനോ എന്റെ വാഹനം തടയാനോ പോലീസിന് അധികാരമുണ്ടായിരുന്നു. എന്നാൽ, അവർ അതിന് മുതിർന്നില്ല. റാലിയിലേക്ക് തന്നെ വഴിതിരിച്ചുവിടുകയാണ് ചെയ്തതെന്നും വിജയ് പറഞ്ഞു.
സ്വന്തം അണികളുടെ മരണത്തിൽ താൻ വീട്ടിൽ എത്താതിരുന്നപ്പോൾ ഞാൻ ഒളിച്ചോടിയെന്ന് പറഞ്ഞ് അവർ എന്നെ പരിഹസിച്ചു. എന്നാൽ, ഈ ആൾക്കൂട്ട ദുരന്തം തമിഴക വെട്രി കഴകത്തിന്റെ വിജയയാത്ര തടയാൻ അന്നത്തെ ഭരണകൂടവും പോലീസും ചേർന്ന് ആസൂത്രണം ചെയ്തതാണെന്നും വിജയ് ആരോപിച്ചു.
തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ നിലനിർത്താൻ കരൂരിൽ സ്മാരകം നിർമിക്കുമെന്നും വിജയ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ഉച്ചയ്ക്ക് ശേഷം വിജയ് കൂടിക്കാഴ്ച നടത്തും. മരിച്ചവരുടെ ആശ്രിതരായ 32 പേർക്ക് നിയമന ഉത്തരവും കൈമാറും.
2025 സെപ്തംബർ 27നാണ് ഞെട്ടിച്ച ദുരന്തമുണ്ടായത്. വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. വിജയ്യുടെ റാലിയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് അന്ന് ഒത്തുകൂടിയത്. അതിനിടെ, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഡിഎംകെ നൽകിയ ഹരജികൾ കോടതി തള്ളിയിരുന്നു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































