ന്യൂഡെൽഹി: വിയറ്റ്നാം ബോട്ടപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. രാത്രി പത്തുമണിയോടെ മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കൊണ്ടുവരും. കൊട്ടാരക്കര ആവിയോട്ട് ഹൗസിൽ എസി തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരാണ് മരിച്ചത്.
ഇവരുൾപ്പടെ 15 ഇന്ത്യക്കാരാണ് ബോട്ടപകടത്തിൽ മരിച്ചത്. ഇവരിൽ മൂന്നുപേർ ആന്ധ്രപ്രദേശിൽ നിന്നും പത്തുപേർ തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണ്. മരിച്ചവരുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ഇന്ന് വൈകീട്ട് ആറുമണിക്ക് വിയറ്റ്നാമിൽ നിന്ന് പുറപ്പെടും. രാത്രി 9.35ന് വിമാനം മുംബൈ വിമാനത്താവളത്തിൽ എത്തും. വിയറ്റ്നാം എയർലൈൻസ് വിമാനം VN979ലാണ് മൃതദേഹങ്ങൾ കൊണ്ടുവരുന്നത്.
മെഡിക്കൽ കമ്പനിയുടെ സ്പോൺസേർഡ് വിനോദയാത്രയിൽ പങ്കെടുക്കാനാണ് ഏഴാം തീയതി തോമസും ഭാര്യയും യാത്ര തിരിച്ചത്. ട്രെയിൻ മാർഗം ചെന്നൈയിലെത്തിയ ഇരുവരും വിമാനമാർഗം വിയറ്റ്നാമിലെത്തി. ബോട്ട് യാത്രയ്ക്ക് തൊട്ടുമുൻപുവരെ തോമസ് ഫാമിലി ഗ്രൂപ്പിൽ സന്ദേശങ്ങൾ അയച്ചിരുന്നു. പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്.
ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് യാത്ര തിരിച്ച ബോട്ടാണ് കടലിൽ നിന്ന് 400 മീറ്റർ അകലെ അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി മിനിറ്റുകൾക്കകം തന്നെ ബോട്ട് മറിഞ്ഞെന്നാണ് വിവരം. കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
Most Read| ഇറാനിൽ ആക്രമണം ശക്തമാക്കി യുഎസ്; ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടു




































