ഹോർമുസിൽ എണ്ണടാങ്കറിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

ഒമാൻ തീരം വഴി ഹോർമുസ് കടക്കാൻ ശ്രമിച്ച യുഎഇയുടെ മംബാസ, അൽ ബാഹിയ എന്നീ എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

By Senior Reporter, Malabar News
oil tanker ship
Rep. Image

ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണടാങ്കറുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. ഒമാൻ തീരം വഴി ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് യുഎഇ കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രൈൻകാരുമാണ്.

പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. യുഎഇയുടെ മംബാസ, അൽ ബാഹിയ എന്നീ എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ക്രൂയിസ് മിസൈൽ പതിച്ച് കപ്പലുകൾക്ക് തീപിടിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു.

അതേസമയം, ഇറാൻ നാവികസേനയെ ലക്ഷ്യമിട്ട് യുഎസ് കനത്ത ആക്രമണം നടത്തി. ഇറാനിയൻ കപ്പലിൽ ജലത്തിലൂടെ സഞ്ചരിക്കുന്ന ഡ്രോൺ ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തിയത്. ഡ്രോൺ ബോട്ടുകൾ അമേരിക്ക ആദ്യമായാണ് ഇറാനെതിരെ പ്രയോഗിക്കുന്നത്. ഇറാനിലെ കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രങ്ങളിലും യുഎസ് ആക്രമണം നടത്തി. ആക്രമണത്തിന്റെ വീഡിയോ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു.

അതിനിടെ, ഇറാനെ ലക്ഷ്യമിട്ട് അടുത്തഘട്ട ആക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് സ്‌ഥിരീകരിച്ചിരുന്നു. ബന്ദർ അബ്ബാസ്, കിഷ് ദ്വീപ്, ജാം, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ സ്‌ഫോടനം തുടരുകയാണെന്ന് ഇറാനിയൻ മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്‌തു.

ആഗോള ഊർജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്‌ട്ര കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്ന കാവൽ മാലാഖയായി അമേരിക്ക മാറുമെന്നും, ഇതിനായി സമ്പന്ന രാജ്യങ്ങൾ പ്രതിഫലം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്തിലെ മൊത്തം എണ്ണ വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഇത് ആഗോളതലത്തിൽ എണ്ണവില ഉയരാനും നിരവധി രാജ്യങ്ങളിൽ ഊർജ പ്രതിസന്ധിക്കും കാരണമായിരുന്നു.

ഇടക്കാലത്തെ വെടിനിർത്തലിന് ശേഷം അമേരിക്കയും ഇറാനും പരസ്‌പരം ആക്രമണ പ്രത്യാക്രമണങ്ങൾ തുടരുന്നതിനിടെ ഹോർമുസിലൂടെയുള്ള ഗതാഗതം വീണ്ടും താറുമാറായിരിക്കുകയാണ്. കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിക്കുകയും ചെയ്‌തു. ഈ പശ്‌ചാത്തലത്തിലാണ്‌ ട്രംപിന്റെ പ്രസ്‌താവന.

Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE