കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾ ഉൾപ്പടെ മൂന്നുപേർക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. രാവിലെ ഏഴുമണിയോടെ മുർഷിദാബാദിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിങ്ങിലാണ് അപകടം നടന്നത്.
പരിക്കേറ്റ വിദ്യാർഥികളെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുട്ടികളുമായി പോവുകയായിരുന്ന സ്കൂൾ വാനിലേക്ക് നിംതിക- കത്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടസമയത്ത് റെയിൽവേ ക്രോസിന്റെ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഒരുവശത്തുനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതുവരെ ഗേറ്റ് അടച്ചിട്ടിരുന്നതായും, എന്നാൽ തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നുകൊടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
അതേസമയം, റെയിൽവേ ഗേറ്റ്മാന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ഗേറ്റ്മാന്റെ ഭാഗത്തുണ്ടായ വീഴ്ച ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്




































