ധാക്ക: ബംഗ്ളാദേശ് പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള അടുപ്പത്തെ ചൊല്ലി നിലവിലെ സർക്കാരുമായി ഉടലെടുത്ത ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് അഭ്യൂഹം. അഞ്ചുവർഷത്തെ കാലാവധി അവസാനിക്കാൻ രണ്ടുവർഷം കൂടി ബാക്കിനിൽക്കെയാണ് ഷഹാബുദ്ദീന്റെ അപ്രതീക്ഷിത പടിയിറക്കം.
എന്നാൽ, ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെ ചുമതലകൾ തുടരാനാകാത്ത സാഹചര്യത്തിലാണ് രാജിയെന്നാണ് വിശദീകരണം. ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ദിൻ അഹമ്മദ് രാജ്യത്തിന്റെ ഇടക്കാല പ്രസിഡണ്ടായി ചുമതലയേൽക്കും. പുതിയ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം പദവിയിൽ തുടരും.
1971ലെ യുദ്ധത്തിൽ പങ്കെടുത്ത മുൻ ജഡ്ജി കൂടിയായ മുഹമ്മദ് ഷഹാബുദ്ദീൻ മുൻ ഭരണകക്ഷിയായ അവാമി ലീഗിന്റെ നാമനിർദ്ദേശത്തിലാണ് 2023ൽ എതിരില്ലാതെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ഹസീനയുടെ പതനത്തിന് ശേഷം വന്ന ഇടക്കാല ഭരണകൂടം തന്നെ പൂർണമായി അവഗണിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു.
പൊതു തിരഞ്ഞെടുപ്പിന് ശേഷം പദവി ഒഴിയാൻ താൻ ആഗ്രഹിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. 2024 ഓഗസ്റ്റിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന, വരുന്ന ഡിസംബറിൽ ബംഗ്ളാദേശിൽ തിരിച്ചെത്തുമെന്നും കോടതിക്ക് മുന്നിൽ കീഴടങ്ങുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഹസീനയുടെ തിരിച്ചുവരവ് വാർത്തകൾക്ക് പിന്നാലെ മുഹമ്മദ് ഷഹാബുദ്ദീൻ അവരുമായി വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ സർക്കാരിന്റെ കടുത്ത അതൃപ്തിക്ക് കാരണമായി. ഹസീന സർക്കാരിന്റെ കാലത്തെ അവസാന ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയായിരുന്നു ഷഹാബുദ്ദീൻ.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ





































