തൊടുപുഴ: അടിമാലി ലക്ഷംവീട് നഗർ മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് റവന്യൂ മന്ത്രി എപി അനിൽകുമാർ. പത്തുലക്ഷം രൂപവീതം ഓണത്തിന് മുൻപായി നൽകും. മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇടുക്കിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വീട് ഉൾപ്പടെയുള്ള ആവശ്യങ്ങളിൽ അടിയന്തരമായി ഉത്തരവിറക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് ദുരന്തബാധിതർ നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു.
ദേശീയപാത നിർമാണത്തിന് അശാസ്ത്രീയമായി മലയിടിച്ചതാണ് ലക്ഷംവീട് നഗറുകാരെ ദുരിതത്തിലാക്കിയത്. ദുരന്തം നടന്ന് ഒരുവർഷമായിട്ടും പുനരധിവാസ പ്രവർത്തനം എവിടെയുമെത്തിയിട്ടില്ല. പൂർണമായും തകർന്ന ഒമ്പത് വീടുകൾ ഉൾപ്പടെ 26 വീടുകളാണ് വാസയോഗ്യമല്ലാതായത്. ഇതിൽ ഒമ്പത് കുടുംബങ്ങൾക്ക് മാത്രമാണ് സ്ഥലം വാങ്ങി വീടുവയ്ക്കാൻ പത്തുലക്ഷം രൂപ അനുവദിച്ചത്.
17 വീടുകൾ തകർന്നിട്ടില്ല. പക്ഷേ, ഏത് നിമിഷം വേണമെങ്കിലും മലയിടിഞ്ഞു അതിന് മുകളിലേക്ക് വീഴും. അവിടെ താമസിക്കാൻ കഴിയില്ല. എല്ലാവരെയും വാടക വീടുകളിലേക്കും മറ്റും മാറ്റി. പിന്നെ ഒരു നടപടിയും ഉണ്ടായിട്ടില്ല. നാലുമാസത്തോളം ജില്ലാ ഭരണകൂടം വാടകയും നൽകിയിട്ടില്ല. ഇതോടെയാണ് ഇവർ ജൂൺ 25 മുതൽ സമരം ആരംഭിച്ചത്.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം


































