കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). മാസപ്പടി കേസിൽ ഹവാല ഇടപാടിന് തെളിവ് ലഭിച്ചതായാണ് ഇഡി അറിയിച്ചത്.
കേസിൽ വീണ വിജയന്റെ ഭർത്താവും മുൻ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്‌ഥാപനങ്ങളിലും അടക്കം ഒമ്പതിടങ്ങളിൽ കഴിഞ്ഞദിവസം ഇഡി റെയ്‌ഡ് നടത്തിയിരുന്നു. പരിശോധനയിൽ ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിന് തെളിവ് ലഭിച്ചതായി ഇഡി റിപ്പോർട്ടിൽ പറയുന്നു. ഏതാനും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
20.5 കോടിയുടെ ഇടപാട് നടന്നെന്നാണ് വിവരം. മേയ് 27ന് നടത്തിയ റെയ്‌ഡിൽ വീണയുടെ കൈപ്പടയിലുള്ള ചില രേഖകൾ പിടിച്ചെടുത്തിരുന്നു. അതിൽ ചില വ്യക്‌തികളുടെ പേരും അവരുമായി നടത്തിയ പണമിടപാടുകളും ദുബായിലേക്കുള്ള പണമിടപാടും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ദിർഹത്തിലും രൂപയിലുമാണ് ഇടപാട് നടത്തിയിരുന്നത്.
3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് രേഖയിലുള്ളത്. ടി. വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ഒരു സിം കാർഡിന്റെ ചിത്രവുമുണ്ട്. മറ്റൊരു വ്യക്‌തിയുടെ പേരിലെടുത്ത ഈ സിം വൈഫൈ റൂട്ടറിനായാണ് ഉപയോഗിച്ചിരുന്നത്. ഈ സിം ഇന്റർനെറ്റ് കോളുകൾക്കായാണ് ഉപയോഗിച്ചതെന്ന് സംശയിക്കുന്നുവെന്നും ഇഡി പത്രക്കുറിപ്പിൽ പറയുന്നു.
മുഹമ്മദ് റിയാസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തേക്കുമെന്ന് വിവരം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. അന്വേഷണത്തിന്റെ രണ്ടാംഘട്ടമെന്നോണമാണ് റിയാസുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലും ഇഡി കഴിഞ്ഞദിവസം റെയ്‌ഡ് നടത്തിയത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































