തിരുവനന്തപുരം: തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിഎസ് ശരത് ചന്ദ്രനെ നിയമിച്ചു. മന്ത്രി നിർദ്ദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. കഴിഞ്ഞദിവസം ഡെൽഹിയിൽ കെസി വേണുഗോപാലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയുടെയും പ്രാദേശിക നേതാക്കളുടെയും എതിർപ്പ് അവഗണിച്ചാണ് തീരുമാനം. സെക്രട്ടറിയേറ്റിലെ സ്പെഷ്യൽ സെക്രട്ടറിയാണ് ശരത് ചന്ദ്രൻ. രണ്ടുമാസം മുമ്പാണ് മന്ത്രി ശരത് ചന്ദ്രന്റെ പേര് നിർദ്ദേശിച്ചത്. എന്നാൽ, ഇതിനെതിരെ കോൺഗ്രസ് തേക്കട മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും മന്ത്രിക്കും പരാതി നൽകിയിരുന്നു.
ശരത്തും പങ്കാളിയും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സ്റ്റാഫ് നിയമനങ്ങൾ നടത്തുന്നതിന് മുന്നോടിയായി പ്രാദേശിക ഘടകങ്ങളുമായി കൂടിയാലോചന നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ശരത് ചന്ദ്രന് പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതായി അറിയില്ല. നിയമനത്തിൽ പുനരാലോചന വേണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ, ഈ ആവശ്യങ്ങൾ തള്ളിയാണ് നിയമനം. നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തന്റെ അളിയനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് വൻ വിവാദമായിരുന്നു. മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നത്. എന്നാൽ, വിമർശനം രൂക്ഷമായതോടെ ബെന്നി രാജിവെക്കുകയായിരുന്നു.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം




































