ഭുവനേശ്വർ: ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പൽ മുങ്ങി. പനാമ രജിസ്‌ട്രേഷനുള്ള ‘എംവി ഓഷ്യൻ- വിന്നർ എന്ന കപ്പലാണ് ശനിയാഴ്‌ച അപകടത്തിൽപ്പെട്ടത്. സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്താനായി ഇന്ത്യൻ കോസ്‌റ്റ് ഗാർഡും നാവികസേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ലൈഫ് റാഫ്‌റ്റുകളിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ കോസ്‌റ്റ് ഗാർഡ് ഇതിനകം രക്ഷപ്പെടുത്തി. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് ഓഗസ്‌റ്റ് 20ന് രാത്രി 10.30ഓടെയാണ് കപ്പൽ യാത്ര തിരിച്ചത്. ഒഡീഷയിൽ നിന്ന് കയറ്റിയ 1700 ടൺ ഇരുമ്പയിരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ചൈനയിൽ നിന്നുള്ള 20 പേരും മ്യാൻമറിൽ നിന്നുള്ള മൂന്നുപേരും ബംഗ്ളദേശിൽ നിന്നുള്ള ഒരാളും അടക്കം 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
ഓഗസ്‌റ്റ് 22ന് രാവിലെ 11.48ഓടെ കപ്പലുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടതായി കപ്പൽ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിയായ വിക്‌ടറി സ്‌റ്റാർ ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് ശ്രീ വിജയപുരത്തെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിനെ അറിയിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കോസ്‌റ്റ് ഗാർഡിന്റെ ‘വരദ്’, ‘അൻമോൾ’ എന്നീ കപ്പലുകൾ ഉടൻ തന്നെ തിരച്ചിലിനായി നിയോഗിച്ചു.
ഇതോടൊപ്പം ശ്രീ വിജയ പുരത്തുനിന്ന് ‘വിജിത്’ എന്ന മൂന്നാമതൊരു കപ്പലും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റു കപ്പലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം



































