കോഴിക്കോട്: മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്‌റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സ്‌ട്രോക്ക് ബാധിച്ച് രണ്ടുമാസത്തോളമായി ചികിൽസയിൽ ആയിരുന്നു.
തന്റെ സ്വരസിദ്ധമായ ഈണങ്ങളിലൂടെ സംഗീതലോകത്തിന് മൂവായിരത്തിലധികം അനശ്വര ഗാനങ്ങൾ സമ്മാനിച്ച കലാകാരനാണ്. കിടപ്പിലാകുന്നതിന് രണ്ടുദിവസം മുൻപും വീടിന്റെ ഉമ്മറത്തിരുന്ന് പുതിയ പാട്ടിന് അദ്ദേഹം ഈണമിട്ടിരുന്നു. അവസാന നാളുകളിൽ കുടുംബവും പ്രിയശിഷ്യരും മാത്രമായിരുന്നു കൂട്ട്.
വലിയങ്ങാടിയിലെ ഇരുമ്പ് കച്ചവടക്കാരനായ ഇമ്പിച്ചി അഹമ്മദിന്റെയും ഖദീജയുടെയും മകൻ അബൂബക്കർ ഗാനലോകത്തേക്ക് എത്തിയ വഴി രസകരമാണ്. നടൻ മാമുക്കോയയും അബൂബക്കറും സഹപാഠികളായിരുന്നു. ഇരുവരും വിദ്യാർഥികളായിരിക്കെ ഒരിക്കൽ മാമുക്കോയ പറഞ്ഞതുകൊണ്ട് ടീച്ചർ അബൂബക്കറിനെക്കൊണ്ട് പാട്ട് പാടിച്ചു.
ഇത് ആകസ്‌മികമായി ബാബുരാജിന്റെ പ്രിയപ്പെട്ട തബലിസ്‌റ്റ് ടി ഉസ്‌മാൻ കേൾക്കാനിടയായി. അങ്ങനെ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അബൂബക്കറിന്റെ അരങ്ങേറ്റം. യേശുദാസ്, കെഎസ് ചിത്ര, എംജി ശ്രീകുമാർ തുടങ്ങി മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം അബൂബക്കറുടെ സംഗീതത്തിൽ പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ട് വേദികളിൽ അദ്ദേഹത്തിന്റെ ഗാനമില്ലാതെ വരുന്നത് അപൂർവമായിരുന്നു.
ദേവരാജൻ മാസ്‌റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്‌റ്റുമായിരുന്നു അബൂബക്കർ. ഭാര്യ: കെവി സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന. മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്‌സീന. കബറടക്കം ഇന്ന് ഉച്ചയ്‌ക്ക് 12നുശേഷം മാന്തോട്ടം കബർസ്‌ഥാനിൽ.

































