തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാറിന്റെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. സ്ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പരാമർശം ഇസ്ലാമിക ആശയങ്ങൾക്ക് വിരുദ്ധമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
കാന്തപുരം വിഭാഗത്തിലെ പ്രധാന നേതാക്കളുമായി ക്ളിഫ് ഹൗസിൽ നടത്തിയ ഒന്നര നീണ്ട കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് ആവർത്തിച്ചത്. സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ പ്രസ്താവനയെന്നും ഇക്കാര്യത്തിൽ നേതാക്കളുമായി സംവാദത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, മുനമ്പത്ത് നിലവിൽ താമസിക്കുന്ന കൈവശക്കാർക്ക് ഒപ്പമാണ് സർക്കാറെന്നും അവർക്ക് ഭൂമി ലഭ്യമാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമനിധി ബോർഡ് തുടങ്ങി മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ബോഡികളിലും കാന്തപുരം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
നിലവിലെ സാഹചര്യത്തിൽ പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിൻമാറാനാകില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിയാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഹാരി തുടങ്ങിയ പ്രമുഖ നേതാക്കളാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
Most Read| കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഊബർ; 3,000 ജീവനക്കാരെ പുറത്താക്കും




































