തൃശൂർ: ദേശീയപാത 66ൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ച സംഭവത്തിൽ തങ്ങൾക്ക് വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി. അമിതവേഗവും അനധികൃത പാർക്കിങ്ങുമാണ് അപകടകാരണമെന്നും റോഡിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നുവെന്നും എൻഎച്ച്എഐ പറഞ്ഞു.
അപകട സ്‌ഥലത്ത് നേരത്തെ തന്നെ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്‌ഥാപിച്ചിരുന്നു. ഗതാഗതം തിരിച്ചുവിടുന്നതിന് 500 മീറ്റർ, 250 മീറ്റർ, 50 മീറ്റർ അകലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിച്ചിരുന്നു. ഇതിന് പുറമെ ബാരിക്കേഡുകൾ, ട്രാഫിക് കോണുകൾ, റിഫ്‌ളക്‌ടീവ് മാർക്കിങ്ങുകൾ, മുന്നറിയിപ്പ് ലൈറ്റുകൾ എന്നിവയും നിർമാണ മേഖലയ്‌ക്ക് സമീപം ഒരുക്കിയിരുന്നുവെന്നും എൻഎച്ച്എഐ പ്രസ്‌താവനയിൽ പറഞ്ഞു.
അതിവേഗ പാതയിൽ ലോറി അനധികൃതമായാണ് നിർത്തിയിട്ടതെന്നും അപകടത്തിന് തൊട്ടുമുൻപ് കാർ അമിതവേഗത്തിലായിരുന്നു സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമാകുന്നതായും ദേശീയപാതാ അധികൃതർ പറഞ്ഞു. അപകടവിവരം ലഭിച്ചയുടൻ പ്രോജക്‌ട് സംഘം സ്‌ഥലത്ത് എത്തിയെന്നും മേഖലയിൽ കൂടുതൽ സുരക്ഷാ ഉപകരണങ്ങളും ബാരിക്കേഡുകളും സ്‌ഥാപിച്ചെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എൻഎച്ച്എഐ അറിയിച്ചു.
നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചാണ് ഏഴ് വിദ്യാർഥികൾ ഉൾപ്പടെ എട്ടുപേർ മരിച്ചത്. കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളേജിലെ ഏഴ് വിദ്യാർഥികളുമാണ് മരിച്ചത്. വെള്ളിയാഴ്‌ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. ഗുരുവായൂർ ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഈ മേഖലയിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡരികിലാണ് മൂന്ന് ലോറികൾ സംഭവസമയം നിർത്തിയിട്ടിരുന്നു. ഇതിൽ മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചുകയറിയത്.
Most Read| കാപ്പാട് വിരുന്നെത്തി ഇളംപാറക്കുരുവി; ഇന്ത്യയിൽ എത്തുന്നത് അപൂർവം



































