കൊച്ചി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് ആയിരുന്നു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒട്ടേറെ അന്വേഷണാത്മകമായ റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ്.
ഈയിടെ ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ജിജോയാണ്. കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം പഠനം പൂർത്തിയാക്കിയ ജിജോ പിന്നാലെ മനോരമയിൽ ചേരുകയായിരുന്നു. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.
മാദ്ധ്യമ രംഗത്ത് തന്റേതായ ശൈലിയും മൂർച്ചയുള്ള ആശയങ്ങളും കാത്തുസൂക്ഷിച്ച പത്രപ്രവർത്തകനായിരുന്നു ജിജോ. സാമ്പത്തിക തട്ടിപ്പുകൾ, സുരക്ഷാ വീഴ്ചകൾ, കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചും ജിജോ നടത്തിയ അന്വേഷണാത്മക പരമ്പരകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ വലിയ ചർച്ചയായ സൂപ്പർ എലാസ്റ്റിക് അലോയ് നിക്ഷേപ തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസുകളിലെ വഴിത്തിരിവുകൾ എന്നിവ പുറത്തുകൊണ്ടുവന്നതിൽ അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ നിർണായക പങ്കുവഹിച്ചിരുന്നു.
വാർത്തകൾക്ക് പിന്നിലെ സത്യം കണ്ടെത്താൻ അദ്ദേഹം നടത്തിയ സമാന്തര അന്വേഷണങ്ങൾ പലപ്പോഴും പോലീസിനും മറ്റു അന്വേഷണ ഏജൻസികൾക്കും വരെ വഴിത്തിരിവായി മാറിയിട്ടുണ്ട്. ഇന്ന് പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു റിപ്പോർട് പ്രസിദ്ധീകരിച്ചിരുന്നു. സിഎംആർഎൽ രേഖകളിൽ മറ്റു നേതാക്കളുടെ പേരുകളുള്ള വിവരവും ചൂണ്ടിക്കാട്ടിയായിരുന്നു ജിജോയുടെ വാർത്ത.
പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയിൽ ‘സർവശിക്ഷ കേരള’ത്തിൽ അധ്യാപികയായ രമ്യ ജോസഫാണ് ഭാര്യ. മക്കൾ: അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ. ജിജോ ജോണിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മാദ്ധ്യമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Most Read| ട്രാക്ക് സ്യൂട്ടും കോട്ടുമില്ല; നഗ്നപാദയായി മാരത്തണിൽ ഓടി ഒന്നാമതെത്തി രമാഭായ്




































