ന്യൂഡെൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഉച്ചതിരിഞ്ഞ് കൂടിക്കാഴ്‌ച നടത്തും. പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ മേഖലകളിലെ ഇന്ത്യ-റഷ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാകും ഇരുനേതാക്കളും ചർച്ച നടത്തുക.
ബ്രഹ്‌മോസ് മിസൈൽ നവീകരണം ഉൾപ്പടെയുള്ള പ്രതിരോധ പദ്ധതികൾ മോദി-പുടിൻ കൂടിക്കാഴ്‌ചയിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്. ബ്രഹ്‌മോസ് മിസൈലിന്റെ നവീകരണം ഇന്ത്യയും റഷ്യയും ചർച്ച ചെയ്യുന്നതായി ക്രൈംലിൻ വക്‌താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞയാഴ്‌ച വ്യക്‌തമാക്കിയിരുന്നു. ബിഷ്‌കെക്കിൽ കഴിഞ്ഞയാഴ്‌ച നടന്ന ഷാങ്‌ഹായ് ഉച്ചകോടിയിലും മോദിയും പുട്ടിനും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
നാളെയും മറ്റന്നാളുമായി ഡെൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പുടിനെക്കൂടാതെ, ചെനീസ് പ്രസിഡണ്ട് ഷി ചിൻപിങ്, ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റാമഫോസ, ഇന്തൊനീഷ്യൻ പ്രസിഡണ്ട് പ്രബോവോ സുബിയാന്തോ തുടങ്ങിയവർ പങ്കെടുക്കുമെന്നും സ്‌ഥിരീകരിച്ചിട്ടുണ്ട്.
റഷ്യ- യുക്രൈൻ യുദ്ധം, പശ്‌ചിമേഷ്യയിലെ സംഘർഷം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ, യുഎസ് ഉയർത്തുന്ന തീരുവ വെല്ലുവിളി എന്നിവയെല്ലാം പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനിടെയാണ് ഉച്ചകോടി. വ്യാപാരം, ഊർജസുരക്ഷ, സാമ്പത്തിക വിഷയങ്ങൾ അടക്കം ഉച്ചകോടിയിൽ ചർച്ചയാകും.
ഡെൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് ബ്രിക്‌സ് ബിസിനസ് ഫോറം നടക്കും. തുടർന്ന് രണ്ട് ദിവസങ്ങളിൽ ഉച്ചകോടി നടക്കും. 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോകനേതാക്കൾക്ക് വിരുന്ന് ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിനിടെ വിവിധ നേതാക്കളുമായി മോദി ഉഭയകക്ഷി ചർച്ചകളും നടത്തും.
ലോകത്തിന്റെ 36% വിസ്‌തൃതിയും 40% ആഭ്യന്തര ഉൽപ്പാദനവും 49.5% ജനസംഖ്യയും 26% വാണിജ്യവും ബ്രിക്‌സ് രാജ്യങ്ങളിലാണ്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഈജിപ്‌ത്, ഇത്യോപ്യ, ഇന്തൊനീഷ്യ എന്നിവയാണ് അംഗരാജ്യങ്ങൾ.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































