കോഴിക്കോട്: ശമ്പള കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് ‘മാധ്യമം’ ജീവനക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എംകെ രാഘവൻ എംപി. ജീവനക്കാരുടെ പ്രയാസങ്ങൾ ഗൗരവത്തോടെ പരിഗണിച്ച്, എട്ടുമാസത്തെ ശമ്പള കുടിശിക അടക്കം ജീവനക്കാർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകാൻ മാധ്യമം മാനേജ്മെന്റ് തയ്യാറാകണമെന്ന് എംപി ആവശ്യപ്പെട്ടു.
ശമ്പള നിഷേധത്തിനെതിരെ സംയുക്‌ത തൊഴിലാളി യൂണിയൻ നടത്തുന്ന അനിശ്‌ചിതകാല സമരത്തെ അഭിവാദ്യം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പള വിതരണം ക്രമപ്പെടുത്തണമെന്നും ശമ്പള കുടിശ്ശിക തീർക്കണമെന്നും ആവശ്യപ്പെട്ട് സെപ്‌തംബർ മൂന്നിനാണ് ‘മാധ്യമം എംപ്‌ളോയീസ് കോർഡിനേഷൻ’ വീണ്ടും സമരം ആരംഭിച്ചത്.
2025 ഒക്‌ടോബർ 27ന് ആരംഭിച്ച് 2026 ഫെബ്രുവരി 27വരെ നീണ്ടുനിന്ന കഴിഞ്ഞ സമരം അന്നത്തെ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനം അനുസരിച്ചായിരുന്നു താൽക്കാലികമായി നിർത്തിവെച്ചത്. എന്നാൽ, ധാരണാപ്രകാരം കാര്യങ്ങൾ നടപ്പിൽ വരാത്തതിനെ തുടർന്നാണ് മാധ്യമം ജീവനക്കാർ സമരം പുനരാരംഭിക്കാൻ നിർബന്ധിതമായത്.
മാധ്യമത്തിലെ തൊഴിലാളികൾക്ക് ദൈനംദിന ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, ചികിൽസ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ടെന്നും ലഭിക്കുന്ന ശമ്പളം കൊണ്ടുപോയാലും ജീവിക്കാൻ പ്രയാസപ്പെടുന്ന കാലഘട്ടത്തിൽ മാസങ്ങളോളം ശമ്പളം ലഭിക്കാതെ വരുന്നത് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഗുരുതരമായാണ് ബാധിക്കുന്നതെന്നും രാഘവൻ എംപി പറഞ്ഞു.
തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണ ആവശ്യപ്പെട്ടിട്ട് പോലും പ്രശ്‌നപരിഹാരത്തിന് മാനേജ്മെന്റ് തയ്യാറായില്ല. കഴിഞ്ഞദിവസം മന്ത്രി നേരിട്ട് തന്നെയാണ് ഈ വിഷയം സൂചിപ്പിച്ചത്. ഓണക്കാലത്ത് പ്രശ്‌നം തീർക്കുന്നതിനായി നടത്തിയ ചർച്ചയിൽ മന്ത്രി ചില പരിഹാര നിർദ്ദേശങ്ങൾ മാനേജ്മെന്റിന് മുന്നിൽ സമർപ്പിച്ചിരുന്നെങ്കിലും അവർ സ്വീകരിക്കാൻ തയ്യാറായിലെന്നാണ് ബിന്ദു കൃഷ്‌ണ അറിയിച്ചതെന്നും എംപി പറഞ്ഞു.
നിയമപരമായും ചർച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കാൻ മാർഗങ്ങളുണ്ട്. മാനുഷികമായ സമീപനം സ്വീകരിക്കാൻ മാനേജ്മെന്റ് തയ്യാറാകണം. മാധ്യമത്തിലെ പല പത്രപ്രവർത്തകരും സാമൂഹികബോധവും പ്രതിബദ്ധതയും മുൻനിർത്തി ഗവൺമെന്റ് നിയമനങ്ങൾ ലഭിച്ചിട്ടുപോലും അതുപേക്ഷിച്ച് ഇവിടെ ജോലിക്ക് വന്നവരാണ്. അവരുടെ ആത്‌മാർഥയും സമർപ്പണവും മാനേജ്മെന്റ് തിരിച്ചറിയണമെന്നും എംപി കൂട്ടിച്ചേർത്തു.
ഇതേ സ്‌ഥാപനത്തിൽ തങ്ങൾക്കൊപ്പമിരുന്ന് പണിയെടുക്കുന്ന കരാർ ജീവനക്കാർക്ക് എല്ലാ മാസവും കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. ശമ്പളം കൃത്യമായി ലഭിക്കണമെങ്കിൽ രാജിവെച്ച് കരാർ വ്യവസ്‌ഥയിലേക്ക് മാറാൻ ജീവനക്കാരെ നിർബന്ധിക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നതെന്നാണ് സമരക്കാരുടെ വാദം.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































