തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി. ഒക്‌ടോബർ മുതലുള്ള ഹ്രസ്വകാല കരാറുകൾക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്.
യൂണിറ്റിന് ശരാശരി 10.4 രൂപ വരെ നൽകി വൈദ്യുതി വാങ്ങാമെന്ന് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ, മേയ് മാസത്തിലെ പീക്ക് സമയങ്ങളിൽ 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാം. 2027 മേയ് വരെയുള്ള കരാറുകൾക്കാണ് അനുമതി. രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്നും ഇത് കീഴ്‌വഴക്കമാക്കില്ലെന്നും കമ്മീഷൻ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാൻ എന്ത് വില കൊടുത്തും വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി വിഡി സതീശൻ കെഎസ്ഇബിക്ക് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞവർഷം ഈ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്.
ഉൽപ്പാദനം കുറഞ്ഞു, എന്നാൽ ഉപഭോഗം കൂടി. കൽക്കരി ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കേരളത്തിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം മറ്റ് വലിയ ജലവൈദ്യുത പദ്ധതികളൊന്നും ആരംഭിക്കാൻ സാധിച്ചിട്ടില്ലാത്തതും തിരിച്ചടിയായി.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































