തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 21 കേസുകളിൽ ഒന്നിലാണ് ഈമാസം 17ന് ചോറ്റാനിക്കര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ചോറ്റാനിക്കര വഞ്ചനാക്കേസ് സ്റ്റേ ചെയ്യണമെന്ന് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ മരംമുറി കേസിൽ അന്തിമ റിപ്പോർട് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നായിരുന്നു ഇവരുടെ വാദം.
വനംവകുപ്പിന്റെ കേസും ചോറ്റാനിക്കരയിലെ വഞ്ചനാക്കേസും പരസ്പരം ബന്ധപ്പെട്ടതാണെന്നും അതിനാൽ വയനാട്ടിലെ കേസിൽ അന്തിമ റിപ്പോർട് സമർപ്പിക്കുന്നതുവരെ ചോറ്റാനിക്കരയിലെ കേസ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. ഇതിനിടെയാണ് വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം, ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നും ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.
വയനാട് മുട്ടിൽ നിന്ന് മുറിച്ചുമാറ്റിയ തടികൾക്ക് നിയമപരമായ രേഖകൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 1.40 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2021ലാണ് അഗസ്റ്റിൻ സഹോദരൻമാർക്കെതിരെ എറണാകുളം കരിമുകളിലുള്ള മലബാർ ടിമ്പർ സ്ഥാപന ഉടമ എംഎം അലിയാർ പരാതി നൽകിയത്.
104 മരങ്ങളാണ് മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി റോജി അഗസ്റ്റിനും സഹോദരങ്ങളും ചേർന്ന് മുറിച്ചു കടത്തിയത്. 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചത്. ഇവ അലിയാരുടെ സ്ഥാപനത്തിലാണ് വിറ്റത്. പിന്നീടാണ് അനധികൃതമായി കടത്തിയ മരങ്ങളാണ് തനിക്ക് വിറ്റതെന്ന് കാണിച്ചുകൊണ്ട് അലിയാർ പരാതി നൽകിയത്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read| യുഎൻ സ്ഥിരാംഗത്വം; ഇന്ത്യയ്ക്ക് പിന്തുണയുമായി വി4 രാജ്യങ്ങൾ




































