കോഴിക്കോട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മുൻ പബ്ളിക് പ്രോസിക്യൂട്ടർ. വനംവകുപ്പിന്റെ കുറ്റപത്രം ദുർബലമാണെന്നും കേസ് അട്ടിമറിക്കാനാണ് സാധ്യതയെന്നും ജോസഫ് മാത്യു പറഞ്ഞു. മരം മുറിക്കായി അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവിനെക്കുറിച്ച് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ വനംവകുപ്പിന് ഗുരുതര വീഴ്ചയുണ്ടായി. അഞ്ചുവർഷവും ഏഴുമാസവും കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഇത്രയും കാലതാമസം വരുത്തിയതിന് ഡിഎഫ്ഒ വിശദീകരണം നൽകണം. 49 കേസുകൾ രജിസ്റ്റർ ചെയ്തിട്ട് ഒരുകേസിൽ മാത്രമാണ് ഇപ്പോൾ കുറ്റപത്രം നൽകിയത്. ബാക്കി 48 കേസുകളിൽ എന്തുകൊണ്ട് കുറ്റപത്രം നൽകിയില്ല. കേസുകളെല്ലാം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജോസഫ് മാത്യു ആരോപിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് സർക്കാർ ഗൗരവമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് പുറത്തിറങ്ങിയതിന്റെ പശ്ചാത്തലവും അതിന്റെ പിന്നിലുള്ള ഗൂഢാലോനയും അന്വേഷിക്കാൻ വനം, റവന്യൂ വകുപ്പുകൾ ഒരുമിച്ചുള്ള നീക്കം തുടങ്ങി.
2020 ഒക്ടോബറിലെ വിവാദ റവന്യൂ ഉത്തരവിനെ തുടർന്നാണ് മുട്ടിൽ ഉൾപ്പടെ കേരളത്തിലെ വനഭൂമിയിൽ നിന്ന് വ്യാപകമായി സംരക്ഷിത വൃക്ഷമായ തേക്കും ഈട്ടിയും വെട്ടിയിറക്കിയത്. വയനാട് മേപ്പാടി റേഞ്ചിലെ 14 കോടിയുടെ മരം വെട്ടിക്കടത്തിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമകളായ അഗസ്റ്റിൻ സഹോദരങ്ങളാണ് പ്രധാന പ്രതികൾ.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































