കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ പിഴവുകൾ തിരുത്തി വീണ്ടും കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്. ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് കുറ്റപത്രം വൈകിയത് എന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഈമാസം 17ന് സമർപ്പിച്ച കുറ്റപത്രം ബത്തേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മടക്കിയിരുന്നു.
ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് ഗുരുതര പിഴവാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗുരുതര പിഴവുകൾ ഉണ്ടെന്നും കുറ്റപത്രം വൈകിയത് വീഴ്ചയാണെന്നും കോടതി പറഞ്ഞു.
അഞ്ചുവർഷത്തിന് ശേഷമാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. എന്തുകൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകി എന്നത് സംബന്ധിച്ചുള്ള വിവരങ്ങളോ റിപ്പോർട്ടോ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് വനംവകുപ്പ് പുതിയ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, പ്രതികളായ അഗസ്റ്റിൻ സഹോദരൻമാരെ സഹായിക്കാൻ ബോധപൂർവം ഉണ്ടായ നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർ 2021ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കുറ്റപത്രം നൽകുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് ഈമാസം എട്ടിനാണ് നീങ്ങിയത്.
വിലക്ക് നീക്കിയ കോടതി പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നാണ് തിടുക്കപ്പെട്ട് 17ന് കുറ്റപത്രം സമർപ്പിച്ചത്. കേസിൽപ്പെട്ട വീട്ടി തടികളും ലോറിയും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് കേരള വനനിയമം സെക്ഷൻ 61A പ്രകാരമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പ്രതികൾക്ക് നോട്ടീസ് അയച്ചു.
Most Read| ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം






































