ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം. ഡെൽഹി, ജമ്മു കശ്‌മീർ, ബിഹാർ, അസം, ചണ്ഡീഗഡ്, തെലങ്കാന തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി. വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
ഗുവാഹത്തിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ഇവിടെ പോലീസ് കനത്ത സന്നാഹം ഒരുക്കിയിരുന്നു. പ്രകടനത്തിനിടെ പ്രതിഷേധക്കാർ പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ തകർത്തു. ഗൗരവ് ഗൊഗോയി ഉൾപ്പടെ നിരവധി കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
പട്‌നയിലും ചണ്ഡീഗഡിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കികൾ പ്രയോഗിച്ചു. മണിപ്പൂരിൽ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഡെൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജന്തർ മന്തറിലേക്ക് പ്രവർത്തകർ പ്രവേശിക്കാതിരിക്കാൻ പോലീസ് കനത്ത സന്നാഹം ഒരുക്കിയിട്ടുണ്ട്.
അതേസമയം, ഗ്യാനേഷ് കുമാർ നാളേയ്‌ക്കകം രാജി വയ്‌ക്കാൻ തയ്യാറായില്ലെങ്കിൽ ഒക്‌ടോബർ രണ്ടുമുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഹാരാഷ്‌ട്രയുടെ തലസ്‌ഥാനമായ മുംബൈയിൽ നിന്ന് ആരംഭിച്ച് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വൻ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം





































