63കാരന് 9.3 കിലോ ഭാരമുള്ള വൃക്കകൾ; രോഗി ആസ്‌റ്റർ മിംസിൽ പുതുജീവിതത്തിലേക്ക്

സാധാരണയായി മനുഷ്യശരീരത്തിലെ ഒരു വൃക്കയ്‌ക്ക്‌ 120 മുതൽ 150 ഗ്രാം വരെ മാത്രമാണ് ഭാരമുണ്ടാകാറുള്ളത്. എന്നാൽ, പോളിസിസ്‌റ്റിക് കിഡ്‌നി എന്ന രോഗാവസ്‌ഥ കാരണം രോഗിയുടെ വലത് വൃക്കയ്‌ക്ക് 4.2 കിലോഗ്രാം ഭാരവും ഇടത് വൃക്കയ്‌ക്ക് 5.1 കിലോഗ്രാം ഭാരവും വന്ന് വലുതാവുകയായിരുന്നു.

By Senior Reporter, Malabar News
kidneys-weighing-9-3-kg-removed-highly-complex-surgery in aster mims
രോഗിയിൽ നിന്നും പുറത്തെടുത്ത വൃക്കകൾ

കോഴിക്കോട്: 9.3 കിലോ ഭാരമുള്ള വൃക്കകൾ നീക്കം ചെയ്‌ത 63കാരൻ പുതുജീവിതത്തിലേക്ക്. കണ്ണൂർ സ്വദേശിയുടെ 9.3 കിലോ ഭാരമുള്ള ഇരു വൃക്കകളുമാണ് അതിസങ്കീർണമായ ശസ്‌ത്രക്രിയയിലൂടെ കോഴിക്കോട് ആസ്‌റ്റർ മിംസിലെ ഡോക്‌ടർമാർ വിജയകരമായി നീക്കം ചെയ്‌തത്‌.

ജനിതക രോഗമായ ഓട്ടോസോമൽ ഡോമിനന്റ് പോളിസിസ്‌റ്റിക് കിഡ്‌നി ഡിസീസ് മൂലം അസാധാരണമാംവിധം വലുതായി തീർന്ന വൃക്കകളാണ് ബൈലാറ്ററൽ ഓപ്പൺ നെഫ്രക്‌ടമി എന്ന സങ്കീർണ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തത്. യൂറോളജി, നെഫ്രോളജി, അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളുടെ കൃത്യമായ ഏകോപനമാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്.

കഠിനമായ വയറുവേദനയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്. തുടർന്ന് നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് ഇരു വൃക്കകളിലും ദ്രാവകം നിറഞ്ഞ നിരവധി സിസ്‌റ്റുകൾ രൂപപ്പെടുന്ന പോളിസിസ്‌റ്റിക് കിഡ്‌നി എന്ന രോഗാവസ്‌ഥ സ്ഥിരീകരിച്ചത്.

സാധാരണയായി മനുഷ്യശരീരത്തിലെ ഒരു വൃക്കയ്‌ക്ക്‌ 120 മുതൽ 150 ഗ്രാം വരെ മാത്രമാണ് ഭാരമുണ്ടാകാറുള്ളത്. എന്നാൽ ഈ ജനിതക രോഗാവസ്‌ഥ കാരണം രോഗിയുടെ വലത് വൃക്കയ്‌ക്ക് 4.2 കിലോഗ്രാം ഭാരവും ഇടത് വൃക്കയ്‌ക്ക് 5.1 കിലോഗ്രാം ഭാരവും വന്ന് വലുതാവുകയായിരുന്നു. വൃക്കകളുടെ ഈ അനിയന്ത്രിതമായ വലിപ്പം രോഗിയുടെ ജീവനും മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിനും കടുത്ത ഭീഷണിയായതോടെയാണ് അടിയന്തര ശസ്‌ത്രക്രിയ അനിവാര്യമായി തീർന്നത്.

ഉദരത്തിലെ പ്രധാന രക്‌തധമനികളോട് ചേർന്നുനിന്ന ഭീമാകാരമായ വൃക്കകൾ മറ്റ് അവയവങ്ങൾക്ക് കേടുപാടുകൾ കൂടാതെ വേർപ്പെടുത്തിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന് ചികിൽസക്ക് നേതൃത്വം നൽകിയ ഡോ. സൂർദാസ് രാധാകൃഷ്‌ണൻ പറഞ്ഞു. ഡോ. സൂർദാസ് രാധാകൃഷ്‌ണൻ, ഡോ.രവികുമാർ കരുണാകരൻ, ഡോ. അഭയ് ആനന്ദ്, ഡോ. അൽഫോൺസ് ഫിലിപ്പ്, ഡോ. ദീപ്‌ന, അനസ്‌തെറ്റിസ്‌റ്റ് ഡോ. മിഥുൻ എന്നിവരടങ്ങിയ സംഘമാണ് ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

വൃക്കകൾ നീക്കം ചെയ്‌ത ഇദ്ദേഹം ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്‌താണ്‌ മുന്നോട്ടു പോകുന്നത്. ഭാവിയിൽ വൃക്ക മാറ്റിവയ്‌ക്കൽ ആണ് ഡയാലിസിസിനേക്കാൾ മെച്ചപ്പട്ട പരിഹാരമായി മെഡിക്കൽ ടീം നിർദ്ദേശിച്ചിരിക്കുന്നത്. വൃക്കകൾ തകരാറിലാവുകയോ നീക്കം ചെയ്യുകയോ ചെയ്‌താൽ വൃക്കകൾ ചെയുന്ന ജോലിയായ ശരീര രക്‌തത്തിലെ മാലിന്യങ്ങളും അധിക ജലവും ദ്രവങ്ങളും കൃത്രിമമായി നീക്കം ചെയ്യുന്ന പ്രവർത്തികൾ ഒരു യന്ത്രസഹായത്തോടെ ചെയ്യുന്ന രീതിയെയാണ് ഡയാലിസിസ് എന്നു പറയുന്നത്.

അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം രോഗാവസ്‌ഥ കൃത്യസമയത്ത് കണ്ടെത്താനും ഭാരമേറിയ വൃക്കകൾ നീക്കം ചെയ്‌ത്‌ രോഗിയുടെ ജീവൻ സുരക്ഷിതമാക്കാനും സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കോഴിക്കോട് ആസ്‌റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം വ്യക്‌തമാക്കി. കാൽനൂറ്റാണ്ടിന്റെ പാരമ്പര്യവും ജനവിശ്വാസവും കൈമുതലാക്കി അത്യാധുനിക ചികിൽസാ രീതികളും വിദഗ്‌ധ പരിചരണവും സാധാരണക്കാർക്ക് ലഭ്യമാക്കാൻ ആസ്‌റ്റർ മിംസ് പ്രതിജ്‌ഞാബദ്ധമാണെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.

Vanitha| കള്ളുഷാപ്പിൽ സോഫിയുടെ ‘ചിയേഴ്‌സ്’; ആശ്രിതനിയമനം രണ്ടുവർഷം നീണ്ട പോരാട്ടത്തിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE