തിരുവനന്തപുരം: പാർട്ടിക്ക് തലവേദനയായി മാറിയ ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി കേസ് ഒത്തുതീർപ്പിലേക്ക്. രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളുമായുള്ള കയ്യാങ്കളിയാണ് ഒത്തുതീർപ്പിലെത്തിയത്. പാളയം പ്രദീപിന്റെയും എസ്. സജാദിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു.
പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്നും രമ്യ ഹരിദാസ് പാർട്ടിക്ക് ഉറപ്പ് നൽകി. കെപിസിസി പ്രസിഡണ്ടിനെ കണ്ടാണ് രമ്യ ഹരിദാസ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും.
ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെപിസിസി തുടക്കം മുതൽ ശ്രമിച്ചത്. വ്യാപക പരാതി ഉയർന്നിട്ടും എംഎൽഎക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്‌നം ഒതുക്കി, എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്‌റ്റാഫാക്കരുതെന്ന നിർദ്ദേശവും പാർട്ടി രമ്യക്ക് നൽകി.
എന്നാൽ, സംസ്‌ഥാന- പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായം പൊളിച്ചുമാണ് രമ്യയുടെ നീക്കമുണ്ടായത്. പാർട്ടി സസ്‌പെൻഡ് ചെയ്‌ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്‌റ്റാഫാക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ കത്ത് നൽകുകയായിരുന്നു. സ്‌പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത്, നിയമസഭാ സെക്രട്ടറിക്ക് നൽകാനാവശ്യപ്പെട്ട് മടക്കി.
സെക്രട്ടറി അവധിയായതിനാൽ കത്ത് പോലീസിൽ ഏൽപ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസ് ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് പാളയം സജാദിനെയും ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. പിന്നാലെ രമ്യ ഹരിദാസിന്റെ പേഴ്‌സണൽ സ്‌റ്റാഫും ഡ്രൈവർ അടക്കമുള്ളവർ രാജിവെച്ചിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































