പ്രശസ്‌ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

ആദ്യ നൂറുകോടി ചിത്രം പുലിമുരുകൻ അടക്കം നരൻ, ഒടിയൻ തുടങ്ങി അമ്പതിലേറെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

By Senior Reporter, Malabar News
cinematographer Shaji Kumar
ഷാജി കുമാർ

കൊച്ചി: പ്രശസ്‌ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സിനിമാ സെറ്റിൽ വെച്ച് ദേഹാസ്വാസ്‌ഥ്യം ഉണ്ടായതിനെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. ആദ്യ നൂറുകോടി ചിത്രം പുലിമുരുകൻ അടക്കം നരൻ, ഒടിയൻ തുടങ്ങി അമ്പതിലേറെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

രണ്ടു ദിവസം മുൻപ് ആലപ്പുഴയിൽ ദിലീപ് ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഷാജി കുമാറിന് ദേഹാസ്വാസ്‌ഥ്യമുണ്ടായത്. ആലപ്പുഴയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി സിനിമയിൽ സജീവമായിരുന്നു. പ്രശസ്‌ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച ഷാജി കുമാർ സ്വതന്ത്ര ഛായാഗ്രാഹനായപ്പോൾ മലയാളത്തിലെ വൈവിധ്യമാർന്ന ചിത്രങ്ങൾക്ക് പിന്നിലെ കരുത്തായി മാറി.

ഫിലിമിൽ ചിത്രീകരണം ആരംഭിച്ച ഷാജി കുമാർ വെളിച്ചത്തിലും നിറത്തിലും ഫ്രയിമിങ്ങിലുമുള്ള തന്റെ അസാമാന്യമായ സാങ്കേതിക കലാപാടവം ഡിജിറ്റൽ സിനിമയിലും ആവർത്തിച്ചു. ജോഷി, ഷാജി കൈലാസ്, വിഎം വിനു, എം പത്‌മകുമാർ, വൈശാഖ് തുടങ്ങി പുതുതലമുറയിലെ തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു ഷാജി കുമാർ.

2001ലാണ് ഷാജി കുമാർ ക്യാമറയുമായി സിനിമയിലെത്തുന്നത്. ഉത്തമൻ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് മലയാള സിനിമയിലെ മികച്ച പല ചിത്രങ്ങളുടെയും ദൃശ്യ വിസ്‌മയം ഒരുക്കി.

നരൻ, ഒടിയൻ, പോക്കിരിരാജ, നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്‌ഭുതദ്വീപ്, മധുരരാജ, റിങ് മാസ്‌റ്റർ, മല്ലു സിങ്, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, തുടരും തുടങ്ങിയ ചിത്രങ്ങളുടെ ദൃശ്യ വിസ്‌മയത്തിന് പിന്നിലും ഷാജി കുമാർ ആയിരുന്നു. മോഹൻലാൽ-തരുൺ മൂർത്തി ചിത്രമായ അതിമനോഹരം, സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ. അതിമനോഹരം അടുത്ത മാസം അവസാനം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.

Most Read| മദ്യപിച്ച് വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കും; നീക്കവുമായി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE