കണ്ണൂർ: മട്ടന്നൂരിൽ വീട്ടിനകത്ത് അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലയൺസ് ക്ളബ് റോഡിൽ കെടി ജയകൃഷ്‌ണന്റെ ഭാര്യ ജ്യോതി (57), മകൻ നവീൻ കൃഷ്‌ണ (22) എന്നിവരാണ് മരിച്ചത്. നവീൻ കൃഷ്‌ണ തന്നെയാണ് ജ്യോതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് സ്‌ഥിരീകരിച്ചു.
തുടർന്ന് നവീൻ സ്വയം കുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നവീൻ കൃഷ്‌ണ വിഷാദ രോഗത്തിന് ചികിൽസയിൽ ആയിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന് തലേദിവസം കൂത്തുപറമ്പ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നവീന് കൗൺസിലിങ് നൽകിയിരുന്നു. സംഭവത്തിൽ പുറത്തുനിന്ന് മറ്റാരുടെയും ഇടപെടലില്ലെന്നും പോലീസ് വ്യക്‌തമാക്കി.
ജ്യോതിയുടെ കഴുത്തിനാണ് വെട്ടേറ്റത്. പിന്നാലെ നവീൻ സ്വന്തം നെഞ്ചിൽ കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇന്ന് പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കും. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം



































