കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്‌ച വിധി പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ 32ആം പ്രതിയും സംസ്‌ഥാന കമ്മിറ്റി അംഗം ടിവി രാജേഷ് 33ആം പ്രതിയുമാണ്.
വലിയ രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച ഷുക്കൂർ വധക്കേസ് നടക്കുന്നത് 2012 ഫെബ്രുവരി 20നാണ്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവയിൽ വെച്ചാണ് എംഎസ്എഫ് നേതാവ് അരീയിൽ അബ്‌ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഷുക്കൂർ അടക്കമുള്ളവർ കല്ലെറിഞ്ഞതിന്റെ പ്രതികാരമാണ് കൊലയ്‌ക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തിയത്.
സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പടെ 33 പേരാണ് പ്രതികൾ. രണ്ടുപേർ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ടുനിന്ന വിചാരണയിൽ 41 സാക്ഷികളെയാണ് വിസ്‌തരിച്ചത്. പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷൻ ഒരു സാക്ഷിയെയും അധികമായി ഹാജരാക്കി. 81 സാക്ഷികളാണ് സിബിഐ കുറ്റപത്രത്തിൽ ഉണ്ടയായിരുന്നത്.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം



































