കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ ജപ്‌തി നടപടിക്കിടെ വീട്ടമ്മ ജീവനോടുക്കിയ സംഭവത്തിൽ പ്രതിഷേധം. വീട്ടമ്മയുടെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും ഇന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.
പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കൂത്താളി കേളൻമുക്ക് കുഞ്ഞോത്ത് കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ബാങ്ക് ഉദ്യോഗസ്‌ഥർ ജപ്‌തി നടപടിക്കായി വീട്ടിലെത്തിയപ്പോഴാണ് കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചാണ് ജപ്‌തിയിലേക്ക് പോയതെന്നാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിശദീകരണം. ഒറ്റത്തവണ തീർപ്പാക്കാൻ ഉൾപ്പടെ അവസരവും സാവകാശവും നൽകിയിരുന്നു. ഈ ഇളവുകൾ ഇടപാടുകാർക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ബാങ്കിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു.
ജപ്‌തി ഒഴിവാക്കാൻ ചുരുങ്ങിയ ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ലെന്നും ഈ മനോവിഷമത്തിൽ കവിത ജീവനോടുക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം കവിതയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ഇന്ന് മൃതദേഹം ഏറ്റുവാങ്ങിയാണ് പ്രതിഷേധം നടത്തിയത്. മൃതദേഹം ഇന്ന് കൂത്താളിയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































