തിരുവനന്തപുരം: എൽപിഎസ്‌ടി ഉദ്യോഗാർഥികൾ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാൻ നടപടികളിലേക്ക് കടക്കാൻ സർക്കാർ. നാളത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. വിദ്യാർഥി-അധ്യാപക അനുപാതം സർക്കാർ സ്‌കൂളുകളിൽ മാത്രമായി കുറയ്‌ക്കുന്നതടക്കം പരിഗണിക്കും. ഇതിനായുള്ള അധിക ചെലവ് സംബന്ധിച്ചും മന്ത്രിസഭ ചർച്ച ചെയ്യും.
മന്ത്രിസഭാ യോഗത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി സമര സമിതിയുമായി ചർച്ച നടത്തും. ഉദ്യോഗാർഥികളുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, ഉദ്യോഗാർഥികളുടെ ചില ആവശ്യങ്ങളിലാണ് സർക്കാരിന് മുന്നിൽ തടസങ്ങളായി നിന്നത്.
ഇതിൽ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്‌ക്കണമെന്ന ആവശ്യമാണ് ചർച്ചയിലെ കീറാമുട്ടി. അനുപാതം 1:25 ആക്കണമെന്ന ആവശ്യമാണ് സമരക്കാർ പ്രധാനമായും ആവശ്യപ്പെട്ടത്. ഇതിൽ പരിഹാരം കണ്ടെത്താനായി പലതരത്തിലുള്ള പാക്കേജുകൾ സർക്കാർ പരിഗണിക്കുന്നുണ്ട്. അധ്യാപക-വിദ്യാർഥി അനുപാതം 1:30ൽ നിന്ന് കുറയ്‌ക്കുന്നത് സർക്കാർ സ്‌കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്നതാണ് സർക്കാർ പ്രധാനമായും ആലോചിക്കുന്നത്.
ഇത്തരത്തിൽ ഇളവ് നൽകിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പിൽ നിന്നും അഭിപ്രായം തേടും. ഇളവ് ഒന്നോ രണ്ടോ വർഷത്തേക്ക് മാത്രം പരിമിതപ്പെടുത്താനാണ് ആലോചന. 2017ൽ ഹൈസ്‌കൂൾ അധ്യാപകരുടെ അനുപാതം ഒരുവർഷത്തേക്ക് 1:45ൽ നിന്ന് 1:40ലേക്ക് മാറ്റിയിരുന്നു. ഇത്തരം ഇളവുകൾ എൽപിഎസ്‌ടിയിലും നൽകാനാണ് ആലോചന. ഈ ഇളവുകൾ നൽകിയാൽ സമരം തീരാനാണ് സാധ്യത.
Most Read| സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസ്; വി. അബ്‌ദുറഹിമാനെ പ്രതിചേർക്കാൻ ഉത്തരവ്




































