തിരുവനന്തപുരം: അർജന്റീന ഫുട്‍ബോൾ ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടത്തിയ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെ പ്രതിചേർക്കാൻ ഉത്തരവ്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്ത് ദുരുപയോഗം ചെയ്യൽ തുടങ്ങി അഴിമതി നിരോധന നിയമത്തിലെ നാല് വകുപ്പുകളാണ് ചുമത്തുക. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.
അബ്‌ദുറഹിമാനെ കൂടാതെ അദ്ദേഹത്തിന്റെ മുൻ സ്‌റ്റാഫ് അംഗം സിസി സത്യപാൽ, സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡണ്ട് ഷറഫലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കേസെടുത്ത് അന്വേഷണം നടത്തും. ക്രമക്കേടുകൾ അന്വേഷിക്കുന്ന എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി അഴിമതിക്കേസും അന്വേഷിക്കും.
നിലവിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിയും ഉടമ ആന്റോ അഗസ്‌റ്റിനുമാണ് കേസിന്റെ എഫ്‌ഐആറിൽ പ്രതിപ്പട്ടികയിലുള്ളത്. മുൻ മന്ത്രി കൂടി പ്രതിപ്പട്ടികയിലേക്ക് വരുന്നതോടെ കേസിന്റെ ഗൗരവം വർധിക്കും. ഫുട്‍ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട കരാറിലും സ്‌പോൺസറെ കണ്ടെത്തിയതിലും അർജന്റീന ഫുട്‍ബോൾ അസോസിയേഷനുമായുള്ള ഇടപാടുകളിലും മന്ത്രി ചട്ടവിരുദ്ധവും ക്രമരഹിതവുമായ ഇടപെടലുകൾ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത


































