ചിന്നക്കനാൽ: ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം അനിശ്ചിതത്വത്തിൽ. മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യമില്ലെന്ന വിലയിരുത്തലിൽ ദൗത്യം ഉച്ചവരെ നിർത്തിവെച്ചു. നിലവിൽ ആന നിൽക്കുന്ന തുരുത്തിൽ വെച്ച് മയക്കുവെടിവെക്കാൻ സാധിക്കുകയില്ല.
ജലാശയത്തിന് തൊട്ടടുത്തായിട്ടാണ് ആന നിലയുറപ്പിച്ചിട്ടുള്ളത്. മയക്കുവെടിയേറ്റ് ആന ജലാശയത്തിലേക്ക് വീഴുന്ന സാഹചര്യമുണ്ടായാൽ ജീവൻ അപകടത്തിലാകും. വെടിയേറ്റാൽ ആന കുറച്ചുദൂരം ഓടാനുള്ള സാധ്യതയുമുണ്ട്. ജലാശത്തിലേക്ക് ഇറങ്ങുമോ എന്ന ആശങ്കയാണ് ദൗത്യം നീട്ടാൻ കാരണം. ഇതിന് പുറമെ ചക്കക്കൊമ്പന് സമീപം മറ്റു നാല് കാട്ടാനകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
100 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വിവിധ ടീമുകളായി തിരിഞ്ഞാണ് ദൗത്യം ഏകോപിപ്പിക്കുന്നത്. അഞ്ച് ഡോക്ടർമാരും 15 അംഗ ട്രക്കിങ് ടീമും മിഷൻ ചക്കക്കൊമ്പന്റെ ഭാഗമാണ്. വയനാട് മുത്തങ്ങയിൽ നിന്നെത്തിച്ച രണ്ട് കുങ്കിയാനകളും ദൗത്യത്തിന് ഒപ്പമുണ്ട്. മയക്കുവെടി വെക്കാനായി വനംവകുപ്പ് കണ്ടെത്തിയ തുറസായ ഇടങ്ങളിലേക്ക് കൊമ്പനെ എത്തിക്കുകയാണ് ആദ്യപടി.
അതേസമയം, എന്നും രാവിലെ എട്ടുമണികഴിഞ്ഞാൽ ഉറങ്ങുന്ന സ്വഭാവമാണ് ചക്കക്കൊമ്പനുള്ളത്. ഇത് ദൗത്യം നീളാൻ കാരണമാകും. ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് അടുത്തുള്ള പൊന്നു സ്വാമി എസ്റ്റേറ്റിലാണ് കൊമ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ട്രാക്ക് ചെയ്തത്. എന്നാൽ, ഇവിടെ നിന്ന് ആനയിറങ്കൽ അണക്കെട്ടിന്റെ ഭാഗത്തേക്കുപോയ ആന പിന്നീട് ജലാശയത്തിലേക്ക് ഇറങ്ങിയിരുന്നു.
ഇവിടെനിന്ന് ആനയെ മറുകരയിൽ എത്തിക്കുകയാണ് ഓപ്പറേഷന്റെ അടുത്തഘട്ടം. ചിന്നക്കനാൽ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്. ഇന്നലെ വൈകീട്ടോടെയാണ് വനംവകുപ്പ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ഡോക്ടർമാരും ട്രക്കിങ് ടീമും ഇതിന്റെ ഭാഗമായി.
Most Read| ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്കൂബ ഡൈവർ; അത്ഭുതമായി പത്തുവയസുകാരി





































