ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചതായി സ്‌ഥിരീകരണം. ഇവരിൽ നാലുപേരെ തിരിച്ചറിഞ്ഞു. കണ്ണൂർ തലശേരി സ്വദേശിനി സംറിത് നിവാസിൽ സങ്കീർത്തന സുരേഷ് (26), കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തത്തിൽ ഹേമന്ത് പുതിയകാവിൽ (29), കാസർഗോഡ് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53), കൊച്ചി സ്വദേശി മുഹമ്മദ് ആഷിക്ക് (29) എന്നിവരാണ് മരിച്ചത്.
ആഷിക്കിനെയാണ് ഏറ്റവുമൊടുവിൽ തിരിച്ചറിഞ്ഞത്. ഇനി ഒരാളെ കൂടി തിരിച്ചറിയാനുണ്ടെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇവർക്ക് പുറമെ ആന്ധ്രാ സ്വദേശി കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്‌നേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരുൾപ്പെടെ ആറ് ഇന്ത്യക്കാരുടെ മരണവും ബന്ധുക്കൾ സ്‌ഥിരീകരിച്ചിട്ടുണ്ട്.
ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 11 പേർ ഇന്ത്യക്കാരാണ്. ഒരാൾ ശ്രീലങ്കക്കാരനും മറ്റൊരാൾ ഫിലിപ്പീൻസ് സ്വദേശിയുമാണ്. ചൊവ്വാഴ്‌ച പുലർച്ചെ റാസൽഖൈമയിലെ തെക്കൻ മേഖലയിലെ അൽ വതൻ റോഡിലായിരുന്നു അപകടം. സാങ്കേതിക തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് യാത്രക്കാരുമായി വന്ന ബസ് ഇടിച്ചുകയറുകയായിരുന്നു.
ദുബായിലെ സ്വകാര്യ ട്രാവൽ ഏജൻസി വഴി വിസ മാറ്റുന്നതിന് ഒമാനിൽ പോയി മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്. മലയാളിയുടെ ഉടമസ്‌ഥതയിൽപ്പെട്ട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
Most Read| അട്ടപ്പാടിയിൽ പിങ്ക് നിറത്തിലുള്ള പുൽച്ചാടി; ലക്ഷത്തിൽ ഒരെണ്ണം മാത്രം





































