ന്യൂഡെൽഹി: മധുര തിരുപ്പറംകുൺട്രം ദീപത്തൂണിൽ ഇന്ന് ദീപം തെളിക്കും. സുപ്രീം കൊടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിൽ ആയിരിക്കും ദീപം തെളിക്കൽ നടക്കുക. ക്ഷേത്ര ബോർഡ് ട്രസ്റ്റിനെ കോടതി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. പൊതുജനങ്ങൾക്കും ക്ഷേത്ര ദർശനം അനുവദിക്കും.
ക്ഷേത്രത്തിനും സമീപത്തെ സിക്കന്ദർ ബാദുഷ ദർഗയ്ക്കും സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചു. 200 അംഗ സംഘമാണ് സ്ഥലത്തുള്ളത്. 24ന് ഒരുതവണത്തേക്ക് ദീപം തെളിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല.
ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിൽ നിന്നോ ഇല്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ദീപം തെളിക്കാനാണ് ജഡ്ജിമാരായ അരവിന്ദ് കുമാർ, വിപുല പഞ്ചോളി എന്നിവരുടെ ബെഞ്ചിന്റെ നിർദ്ദേശം. ക്ഷേത്ര ഭരണസമിതിയെ താൽക്കാലികമായി ചുമതലയിൽ നിന്ന് മാറ്റി റിസീവർമാരെ നിയമിക്കുകയായിരുന്നു.
കുന്നിൽ മുകളിലെ ദർഗയുടെ 50 മീറ്റർ അകലെ ദീപത്തൂണിൽ വിളക്ക് കൊളുത്താൻ അവകാശം തേടി ഹിന്ദു സംഘടനകൾ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൽ ഹരജി നൽകിയതോടെയാണ് വിവാദത്തിന്റെ തുടക്കം. ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ലെന്നും പരമ്പരാഗതമായി മറ്റൊരു സ്ഥലത്താണ് ആചാരം നടത്തിയിരുന്നതെന്നുമാണ് ക്ഷേത്ര സമിതിയുടെ വാദം.
എന്നാൽ, ഇത് ദർഗയെ ബാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദീപം കൊളുത്താൻ ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. ദീപത്തൂൺ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സർവേ കല്ല് മാത്രമെന്ന സർക്കാർ വാദവും കോടതി തള്ളിയിരുന്നു. തുടർന്നാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ, നവംബർ 28ന് ദീപം തെളിക്കാൻ സുപ്രീം കോടതി അനുമതി നൽകുകയായിരുന്നു. കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ ചീഫ് സെക്രട്ടറി, ഡിജിപി, മധുര കലക്ടർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ, ക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ തുടങ്ങിയവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോടതി ഉത്തരവ് ആർക്കും ദുർബലപ്പെടുത്താൻ ആവില്ലെന്നും ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാനുള്ള നീക്കം തടയുമെന്നും താക്കീത് നൽകി.
അതേസമയം, കോടതി ഉത്തരവിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ- ഭരണതല നീക്കങ്ങൾ സജീവമായി. കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തു. ചീഫ് സെക്രട്ടറി എം. സായ് കുമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































