ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി ഡിസംബര്‍ 8ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഇടതുപാര്‍ട്ടികളുടെ പിന്തുണ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തില്‍ അണിചേരാന്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോടും ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ളോക്ക് എന്നിവ ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും സംരക്ഷിക്കുന്ന കര്‍ഷകര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി നടപടിയെ അപലപിച്ച ഇടതുപാര്‍ട്ടികള്‍ കര്‍ഷക ദ്രോഹപരമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാനും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും ആവശ്യപ്പെട്ടു. കൂടാതെ 2020ലെ വൈദ്യുതി ഭേദഗതി ബില്‍ റദ്ദ് ചെയ്യണമെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ കര്‍ഷകര്‍ക്കൊപ്പം നില്ക്കുന്ന മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഡിസംബര്‍ എട്ടിന് നടക്കുന്ന ബന്ദില്‍ പങ്കുചേരണമെന്ന് ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
കര്‍ഷക ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് കിസാന്‍ മുക്തി മോര്‍ച്ച ബന്ദിന് ആഹ്വാനം ചെയ്തത്. ആയിരക്കണക്കിന് കര്‍ഷകരാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരാഴ്ചയായി ദേശീയ തലസ്ഥാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നത്.
Read Also: ഇന്ധന വില മുകളിലേക്ക് തന്നെ; പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന