ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വ്വകലാശാല ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലമായിരിക്കും സര്‍വ്വകലാശാലയുടെ ആസ്ഥാനം. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയിലാണ് ഓപ്പണ്‍ സര്‍വ്വകലാശാല നിലവില്‍ വരികയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
നിലവിലെ നാലു സര്‍വ്വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വ്വകലാശാല ആരംഭിക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാന്‍ ഇതിലൂടെ അവസരമൊരുക്കും. ദേശീയ അന്തര്‍ദേശീയ രംഗത്തെ പ്രഗത്ഭരായ അധ്യാപകരുടെയും വിദഗ്ധരുടെയും ക്ലാസുകള്‍ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ എയിഡഡ് കോളെജുകളിലെ ലാബുകളും മറ്റ് സൗകര്യങ്ങളും പുതിയ സര്‍വ്വകലാശാലക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്സുകള്‍ക്ക് പുറമെ നൈപുണ്യ വികസന കോഴ്സുകളും ഓപ്പണ്‍ സര്‍വകലാശാലയില്‍ ഉള്‍പ്പെടുത്തും എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.