ബാഴ്സലോണ : വിവാദങ്ങള്‍ക്കും വാക് പോരുകള്‍ക്കും ഒടുവില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി നാളെ മുതല്‍ വീണ്ടും പരിശീലനത്തിനിറങ്ങും. ബാഴ്സലോണ ക്ലബ്ബുമായി ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം മെസിയുടെ ആദ്യ പരിശീലന ക്യാമ്പാണിത്. ബാഴ്സ വിടുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ മെസി പരിശീലനത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. റൊണാള്‍ഡ് കോമനാണ് ഇപ്പോള്‍ ബാഴ്സയുടെ പരിശീലകന്. ഇദ്ദേഹത്തിന് കീഴിലുള്ള മെസിയുടെ ആദ്യ പരിശീലനത്തിന് കൂടിയാണ് നാളെ മുതല്‍ തുടക്കമാകുന്നത്.
ഇക്കഴിഞ്ഞ സീസണിന് പിന്നാലെയാണ് മെസി ബാഴ്സലോണ വിടുകയാണെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. ക്ലബ്ബുമായി ഉണ്ടായ അസ്വാരസ്യങ്ങള്‍ കൊണ്ടാണ് ക്ലബ് വിടാനുള്ള തീരുമാനത്തില്‍ മെസി എത്തിച്ചേര്‍ന്നത്. എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ അവസാനിക്കുന്നത് വരെ ക്ലബ്ബില്‍ തുടരാന്‍ മെസി തീരുമാനിക്കുകയായിരുന്നു. ബാഴ്സലോണയില്‍ തുടരുമെന്ന പ്രഖ്യാപനത്തിന് ശേഷം മെസ്സി ബാഴ്സലോണ പ്രസിഡന്റ് ബെര്‍തോമ്യുവിനെതിരെ സംസാരിച്ചിരുന്നു. ഭാവിയെ പറ്റി യാതൊരു ചിന്തയുമില്ലാത്ത ആളാണ് ബെര്തോമ്യുവെന്ന മെസിയുടെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് ബാഴ്സലോണ ആരാധകരില്‍ അധികവും. എന്തായാലും പരിശീലനത്തിനായി മെസി തിരികെയെത്തുന്നതോടെ വിവാദങ്ങള്‍ക്ക് കുറവ് വരുമെന്നാണ് ലോക ഫുട്ബോള്‍ ആരാധകരും ക്ലബ്ബ് മാനേജ്മെന്റും വിശ്വസിക്കുന്നത്.