കണ്ണൂർ: ജില്ലയിലെ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാംപുകളിൽ നിന്ന് ആദ്യ ദിവസമായ ഇന്നലെ വാക്‌സിൻ സ്വീകരിച്ചത് ആയിരത്തോളം പേർ. കണ്ണൂർ മുനിസിപ്പൽ സ്‌കൂൾ ജൂബിലി ഹാളിലും പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്‌മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലുമാണ് മെഗാ വാക്‌സിനേഷൻ ക്യാംപ് നടക്കുന്നത്.
ഒരേ സമയം 5 പേർക്കു വാക്‌സിൻ നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ട് ഉള്ളതിനാൽ ആദ്യം ദിനം അമിത തിരക്ക് അനുഭവപ്പെട്ടില്ല. തളിപ്പറമ്പ്, കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നീ നഗരങ്ങളിലും വരും ദിവസങ്ങളിൽ മെഗാ ക്യാംപ് ആരംഭിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
കണ്ണൂരിലെ ക്യാംപിൽ 5 സെക്‌ഷനുകളാണു ഒരുക്കിയിരിക്കുന്നത്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും വാക്‌സിൻ വിതരണം വേഗത്തിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടാണ് മെഗാ ക്യാംപുകൾ നടത്തുന്നത്. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും മെഗാ ക്യാംപ് നടക്കും.
ക്യാംപിലെ ഓരോ സെക്‌ഷനിലും 2 വാക്‌സിനേറ്ററും ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്ററും ഉണ്ടായിരിക്കും. എല്ലാ ക്യാംപിലും മേൽനോട്ടം വഹിക്കാൻ ഒരു ഡോക്‌ടർ, അത്യാവശ്യ ആവശ്യങ്ങൾക്കായി 2 സ്‌റ്റാഫ് നേഴ്‌സ്, വാക്‌സിൻ എടുത്തവരുടെ നിരീക്ഷണത്തിനായി 2 സ്‌റ്റാഫ് നേഴ്‌സ്, വോളന്റിയർമാർ എന്നിവരുണ്ടാകും.
ജില്ലാ ഭരണകൂടം, കണ്ണൂർ കോർപറേഷൻ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പ് ക്യാംപ് സംഘടിപ്പിക്കുന്നത്.



































